ആഫ്രിക്കന്‍ തീരത്തുള്ള മഡഗാസ്‌കര്‍ ദ്വീപില്‍ മാത്രം കാണപ്പെടുന്ന ഒരിനം ജീവിയാണ് അയ്-അയ് ലെമൂര്‍. മഡഗാസ്‌കറില്‍ ഈ ജീവികളെപ്പറ്റി അനവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയെ മമേലിയ ക്ലാസില്‍ പ്രമേറ്റ്സ് ഓര്‍ഡറില്‍ ഡൗബന്റ്‌റോണിഡെ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മഴക്കാടുകളാണ് ഇവയുടെ ആവാസകേന്ദ്രം. രണ്ടര കിലോഗ്രാം വരെ ശരീരഭാരം വയ്ക്കുന്ന ഇവയ്ക്ക് ഏകദേശം 35 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും.
ഭയപ്പെടുത്തുന്ന രൂപവും തുറിച്ച നോട്ടവും നീണ്ട വിരലുമെല്ലാമായതോടെ ഇവയെ കുറിച്ച് നിരവധി അന്ധവിശ്വാസങ്ങളും കുമിഞ്ഞു കൂടി. മഡഗാസ്‌കറിലെ വീടുകളിലേക്കു മരണത്തെ ക്ഷണിച്ചു കൊണ്ടുവരുന്നത് ഈ ജീവിയാണെന്ന് ഇവിടുള്ളവര്‍ വിശ്വസിക്കുന്നു. ഇതിനെ കാണുന്നതാകട്ടെ ദുഃശ്ശകുനമാണെന്നും പൂജയും മറ്റും നടത്തിയാല്‍ അയ് അയുടെ ശാപം മാറ്റാമെന്നുമാണ് ഒരു കൂട്ടര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതിനെ കണ്ടാല്‍ ഗ്രാമം തന്നെ ഒഴിഞ്ഞു പോകണമെന്ന് വേറൊരു കൂട്ടര്‍ വിശ്വസിക്കുന്നു. മഡഗാസ്‌കറിന്റെ വടക്കന്‍ ഭാഗങ്ങളിലുള്ളവര്‍ ഈ ശാപത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു വഴിയും കണ്ടെത്തിയിട്ടുണ്ട്. അയ് അയിനെ തല്ലിക്കൊന്ന് ഒരു കമ്പില്‍ തൂക്കി വീടിനു മുന്നില്‍ വയ്ക്കണം. അതോടെ ഗ്രാമത്തിന്റെ തന്നെ ശാപം ഒഴിഞ്ഞു പോകുമെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.
കണ്ടാലുടനെ തല്ലിക്കൊല്ലുന്നതിനാല്‍ മഡഗാസ്‌കറിലെ സ്വാഭാവിക പരിസ്ഥിതിയില്‍ ഇന്ന് വിരലിലെണ്ണാവുന്ന അയ് അയ്കളേയുള്ളൂ. യുഎസിലും മറ്റും ചില മൃഗശാലകളില്‍ ഇവയെ സംരക്ഷിച്ചു വളര്‍ത്തുന്നുണ്ട്. എങ്കില്‍പ്പോലും വംശനാശഭീഷണിയില്‍ നിന്ന് ഇവ രക്ഷപ്പെട്ടിട്ടില്ല. മൃഗങ്ങളുമായി ബന്ധപ്പെട്ട ഇത്തരം അന്ധവിശ്വാസങ്ങള്‍ അവയുടെ ജീവനെടുക്കുന്നതു ശക്തമായതോടെയാണ് പരിസ്ഥിതി സ്നേഹികളും ഇവയുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയത്. ഇത്തവണ ലോക ഭൗമദിനത്തിന്റെ മുദ്രാവാക്യവും അതാണ്’രക്ഷിക്കാം, നമുക്കീ ജീവികളെ……’ (Protect our Species). ഇവയുടെ മുന്‍കാലുകളില്‍ നീളമേറിയ ഒരോ വിരലുകള്‍ വീതം കാണപ്പെടുന്നു. ഈ വിരലിലെ കൂര്‍ത്ത നഖമുപയോഗിച്ചാണ് ഇവ ഇര പിടിക്കുന്നത്.
പുഴുക്കളാണ് ഇവയുടെ ഇഷ്ടഭക്ഷണം. വിരലുപയോഗിച്ച് മരത്തിന്റെയും മറ്റും പോടുകളില്‍ നിന്നും ഇവ ഇര പിടിക്കുന്നു. വിത്തുകള്‍, പഴങ്ങള്‍, പൂന്തേന്‍ എന്നിവയും അയ്-അയ് ഭക്ഷണമാക്കാറുണ്ട്. രാത്രികാലങ്ങളില്‍ ഇര തേടുന്ന ഇവ പകല്‍ സമയം വിശ്രമിക്കുകയാണ് പതിവ്. ഇവയുടെ ശരീരത്തില്‍ കരടിയുടേതിനു സമാനമായ രോമം, എലിയുടേതു പോലുള്ള മൂക്ക്, വവ്വാലിന്റേതിനു സമാനമായ ചെവികള്‍, റോഡന്റ് വിഭാഗത്തിലെ ജീവികളുടേതിനു തുല്യമായ പല്ലുകള്‍, മൂങ്ങയുടെ കണ്ണുകള്‍ പോലെ തിളക്കമുള്ള കണ്ണുകള്‍ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. ലെമൂറുകളുടെ വിഭാഗത്തില്‍പ്പെട്ട ഇവ 20 വര്‍ഷം വരെ ജീവിക്കും. ചുണ്ടെലികളെപ്പോലെ മുന്‍പല്ലുകള്‍ തുടര്‍ച്ചയായി വളര്‍ന്നു കൊണ്ടേയിരിക്കുമെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. പ്രകൃതിസംരക്ഷണത്തിനുള്ള രാജ്യാന്തര സംഘടന (ഐയുസിഎന്‍) തയാറാക്കിയ, വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളുടെ പട്ടികയില്‍ (റെഡ് ലിസ്റ്റ്) അയ് അയും ഉണ്ട്.