Celebrity Featured

‘ബൗണ്‍സര്‍മാര്‍ക്കൊപ്പം ജാഡയിട്ട് നടന്ന നായകനടന്‍, അവസാനം കോമാളിയായി’

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടിനി ടോം. മിമിക്രി വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഒരുപാട് കോമഡി പരിപാടികളിൽ വിധികർത്താവായിട്ടും താരം തിളങ്ങിയിട്ടുണ്ട്. നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം. 1995-ൽ പുറത്തിറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലെ വേഷത്തിലൂടെയായിരുന്നു ടിനിയുടെ അഭിനയ അരങ്ങേറ്റം. നിരവധി ടെലിവിഷൻ സ്കെച്ച് കോമഡി ഷോകളിലൂടെയും താരം ശ്രദ്ധേയനായി മാറി. പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടിനിയ്ക്ക് ആദ്യത്തെ ബ്രേക്ക് കിട്ടുന്നത്. അതിനുശേഷം അന്‍പതിലധികം സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളും ഹാസ്യ വേഷങ്ങളും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ടിനിക്കഥകളിലൂടെ രസകരമായ ഒരു ലൊക്കേഷന്‍ അനുഭവം പങ്കുവയ്ക്കുകയാണ് ടിനി ടോം. ഒരു നടന്‍ സെക്യൂരിറ്റി ബൗണ്‍സര്‍മാര്‍ക്കൊപ്പം ഷൂട്ടിംഗിന് വന്നതും അതു പിന്നീട് കോമാളിത്തരമായി മാറിയതുമാണ് ടിനി പങ്കുവയ്ക്കുന്നത്.

‘‘കളി എന്ന സിനിമാലൊക്കേഷനില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ജോജു, ബൈജു ഏഴുപുന്ന, ഷമ്മി തിലകന്‍, ബൈജു, ബാലാജി എന്നിങ്ങനെ കുറച്ചു പേരുണ്ട്. പിന്നെ കുറെ ന്യൂജനറേഷന്‍ പിള്ളാരുമുണ്ട്. ഒരു ദിവസം ഇതില്‍ അഭിനയിക്കുന്ന ഒരു നടന്‍ എന്റെയടുത്ത് വന്നു. ഈ നടനെ അത്യാവശ്യം നിങ്ങള്‍ക്ക് ഒക്കെ അറിയാവുന്നതാണ്. ഗുണ്ടാവേഷങ്ങളും സഹനടനായും, നായകനായും സംവിധായകനായും തിളങ്ങിയ ഒരു നടനാണ്. എന്റെയടുത്ത് ചോദിച്ചു,‘ടിനിക്ക് നാളെ ബൗണ്‍സേഴ്സ് വേണോ ?’ ഞാന്‍ ചോദിച്ചു,‘എന്തിന്?’. ‘നാളെ ഗോള്‍ഡ് സൂക്കിലല്ലേ ഷൂട്ടിംഗ്, അത്യാവശ്യം ഷോ കാണിക്കാം.’ എന്ന് പറഞ്ഞു ആ നടന്‍. ഞാന്‍ പറഞ്ഞു,‘ഏയ്, എനിക്കു വേണ്ട. ഞാനവിടെയൊക്കെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതല്ലേ. ഒരു ദിവസത്തേക്ക് ബൗണ്‍ഡേഴ്സിനെ വച്ചിട്ട് എന്തു ചെയ്യാനാണ്?’ എന്ന്. ‘കുറച്ചു ബൗണ്‍സേണ്‍സ് ഉണ്ട്, ഒന്ന് ഷൈന്‍ ചെയ്യാം’ എന്നായി നടന്‍. വേണ്ടെന്ന് ഞാനും പറഞ്ഞു.

പിറ്റേന്ന് ഗോള്‍ഡ് സൂക്കില്‍ ഷൂട്ടിന് പോയപ്പോള്‍ ഞാന്‍ ഈ പറഞ്ഞ നടന്‍ കുറെ ബൗണ്‍സര്‍മാരുടെ ഇടയിലൂടെ നടന്നു വരുന്നത് കണ്ടു. എന്നെനോക്കി ഈ നടന്‍ ചിരിക്കുകയും ചെയ്തു. ആളുകളൊക്കെ ഈ നടനെ നോക്കുന്നുണ്ട്, ഈ ബൗണ്‍സര്‍മാര്‍ ആര്‍ക്കാണെന്ന്. മമ്മൂക്കയ്ക്കോ ലാലേട്ടനോ പോലും ഇത്രയും ബൗണ്‍സേഴ്സ് വരാറില്ല. അതും ഈ ബൗണ്‍സേഴ്സ് ആരും തന്നെ മലയാളികളല്ല. എല്ലാം നോര്‍ത്ത് ഇന്ത്യന്‍സാണ്. എട്ടടി പൊക്കമുള്ള വലിയ സിക്കുക്കാര്‍, തോക്കൊക്കെ പിടിച്ച് ഈ നടന്‍ എവിടെപ്പോയാലും കൂടെ പോകും. ഇതൊരു കോമാളിത്തരമായി എനിക്ക് ഫീല്‍ ചെയ്തു. ഇതാര്‍ക്കാണ് ഇത്രയും ബൗണ്‍സേഴ്സ് എന്നു ചോദിക്കുമ്പോള്‍ ഈ നടനാണെന്ന് പറയുമ്പോള്‍ എല്ലാവരും ചിരിക്കുകയാണ്. ഇവിടെയുള്ള ഒരു നടന് ഇത്രയും സുരക്ഷ എന്തിനാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഈ ബൗണ്‍സേഴ്സിന് ഉച്ചയ്ക്ക് ഫുഡ് കഴിക്കണമെന്ന് പറഞ്ഞു. അതും ഇവര്‍ ഓരോരുത്തരും കഴിക്കുന്നത് 18 ചപ്പാത്തിയൊക്കെയാണ്. ഗോള്‍ഡ് സൂക്കിന്റെ സൈഡിലുള്ള പനയുടെ അവിടെ ഇവരെ ഇരുത്തി. പ്രൊഡക്ഷനിലുള്ളവര്‍ക്ക് സിനിമയ്ക്ക് ഉള്ളിലില്ലാത്തവര്‍ ഫുഡ് കഴിക്കാന്‍ വരുന്നത് വലിയ ദേഷ്യമാണ്.കാരണം അവര്‍ക്ക് കണക്ക് കൊടുക്കേണ്ടതാണ്. അപ്പോഴാണ് 18 ചപ്പാത്തിയും കറിയും ഓരോരുത്തരും കഴിക്കുന്നത്. ഇവര്‍ കഴിക്കുന്നതിനിടയില്‍ മുകളില്‍ നിന്ന് ഒരു മടല്‍ വന്നു വീണു. അതോടെ ഇവര്‍ ചാടിയെഴുന്നേറ്റു. ഇവര്‍ സെക്യൂരിറ്റിയാണല്ലോ. അതുകൊണ്ട് ഏതു സമയവും ശ്രദ്ധാലുക്കളാണ്. തോക്കൊക്കെ എടുത്തവര്‍ ചുറ്റുപാടും നോക്കി. അതോടെ എല്ലാവരും ചിരിയായി…

സംഭവം അവിടെ കഴിയുന്നില്ല. മൂവാറ്റുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് എന്നെയും ബാബുരാജിനെയും ഈ നടന്‍ ക്ഷണിച്ചു. ഞങ്ങളതിന് പോയി. അവിടെ ചെന്ന് സംഭവമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ രാത്രിയില്‍ തിരിച്ചെത്തി. പക്ഷേ ഈ സെക്യൂരിറ്റിക്കാര്‍ക്ക് പെട്ടെന്ന് മറ്റൊരു ആവശ്യം വന്നതോടെ അവര്‍ ഈ നടനെ അവിടെ ഉപേക്ഷിച്ച് രാത്രിയില്‍ തന്നെ നാട്ടിലേക്ക് പോയി. ഈ നടന്‍ രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ സെക്യൂരിറ്റിയുമില്ല, ആളുമില്ല, കാറുമില്ല. അവസാനം മൂവാറ്റുപുഴയിലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആ നടന്‍ എന്നെ വിളിച്ചു. വന്ന് എന്നെയൊന്ന് കൊണ്ടുപോകുമോ എന്ന് ചോദിച്ചു. ഒരു ബസ്സില്‍ കയറി വരാന്‍ ഞാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വരെ നിറയെ തോക്കുധാരികളായ ആളുകള്‍ക്ക് നടുവിലൂടെ വലിയ ജാഡയിട്ട് പോയിരുന്ന ആള്‍ ബസ്സില്‍ കയറി ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങിയെത്തി… പറഞ്ഞു വന്നത് എന്താണെന്നു വച്ചാല്‍ യോഗ്യതയുണ്ടെങ്കിലേ ഇതൊക്കെ കൊണ്ടു നടക്കാവൂ. ചമയങ്ങള്‍ നോക്കിയും കണ്ടും വേണം. നമുക്കതിന് യോഗ്യതയു ണ്ടോ എന്ന് നോക്കിയിട്ടു വേണമത്. ഇല്ലെങ്കില്‍ നാളെ സെക്യൂരിറ്റിയും കാണില്ല, ആഴും കാണില്ല. നമുക്കുള്ളത് നമുക്ക് മതി…’’ ടിനി പറയുന്നു.