ക്രീറ്റിലെ ശാന്തമായ ഒരു കുന്നിൻ ചെരുവിൽ, പരന്നുകിടക്കുന്ന കടലിന്റെ മനോഹാരിതയിലും മെല്ലെ വീശുന്ന ഇളംകാറ്റിനും ഇടയിൽ സാമ്രാജ്യങ്ങളേക്കാൾ പഴക്കമുള്ള ഒരു മരം നിൽക്കുന്നതുകാണാം. അതാണ് വൂവ്സിലെ ഒലിവ് വൃക്ഷം. 2000 വർഷത്തിലേറെയായി ഒരേ സ്ഥലത്ത് വളരുന്ന ഈ ഒലിവ് വൃക്ഷം വ്യത്യസ്തയാർന്ന രൂപത്തിനും പഴക്കം ചെന്ന ശാഖകൾക്കും പേരുകേട്ടതാണ്.
ഒരുപക്ഷെ മഹാനായ അലക്സാണ്ടർ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുന്നതും ഏഥൻസിൽ പാർത്ഥനോൺ പണിതതുമെല്ലാം ഈ ഒലിവ് വൃക്ഷം സാക്ഷ്യം വഹിച്ചിട്ടുണ്ടാകാം. നാഗരികതകൾ തകരുകയും പുതിയവ ഉയർന്നുവരുകയും ചെയ്തപ്പോഴും ഈ വൃക്ഷം അവിടെ നിലയുറപ്പിച്ച് നിന്നിട്ടുണ്ടാകാം. ഇവയെല്ലാം ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാനും കാലക്രമേണ നിലനിൽക്കാനുമുള്ള അതിന്റെ കഴിവിന്റെ ജീവിക്കുന്ന ഓർമ്മപ്പെടുത്തലാണ്.
ലോകമെമ്പാടുമുള്ള സന്ദർശകർ ഈ വൃക്ഷത്തെ ഒന്ന് സ്പർശിക്കാൻ അവിടേക്ക് ഓടിയെത്താറുണ്ട്. എല്ലാത്തിനുമുപരി, ഈ മരം ചരിത്രത്തിന്റെ സമയരേഖകളിലൂടെയെല്ലാം സഞ്ചരിച്ചു എന്നുള്ളതാണ്. യുദ്ധത്തിലൂടെയും വരൾച്ചയിലൂടെയും കാലം കടന്നുപോകുമ്പോഴും അതിജീവനത്തിന്റെ കഥകൾ പറയുന്ന ആഴത്തിലുള്ള വേരുകൾ ഈ മരത്തിനുണ്ട്.
ഇത്രയധികം വർഷങ്ങൾ ഈ വൃക്ഷം നിലനിൽക്കാനുള്ള കാരണം എന്താണ്? ഇളം മരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഏത് ഒരു അവസ്ഥയോടും പൊരുത്തപ്പെടാനുള്ള പ്രകൃതിയുടെ അസാധാരണമായ കഴിവിന്റെ തെളിവുകൂടിയാണ് ഈ വൃക്ഷം. നിരവധി നൂറ്റാണ്ടുകളായി, മനുഷ്യന്റെ ഇടപെടൽ മൂലം കാലാവസ്ഥ മാറുകയും, തീപിടുത്തങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അവയെ എല്ലാം ഈ വൃക്ഷം അതിജീവിച്ചു. അദൃശ്യമായ ജലസ്രോതസിൽ നിന്ന് ജീവജലം നേടിക്കൊണ്ട്. ഭൂമിയിലേക്ക് ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന അതിന്റെ ശക്തമായ വേരുകളാണ് ഈ അതിജീവനത്തിന്റെ രഹസ്യം.
വെജിറ്റേറ്റീവ് റീപ്രൊഡക്ഷൻ എന്ന പ്രക്രിയയിലൂടെയാണ് ഈ മരം പുനരുജ്ജീവിപ്പിക്കപ്പെടുന്നത്. അതിനാൽ ശിഖരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ പോലും, അതിന്റെ വേരുകളിൽനിന്ന് പുതിയ ചിനപ്പുപൊട്ടൽ ഉണ്ടാകുകയും അത് വളരുകയും ചെയ്യുന്നു. ചാരത്തിൽ നിന്ന് ഉയർന്നുവരുന്ന ഫീനിക്സ് പക്ഷിയെപ്പോലെയാണ് ഈ ഒലിവ് വൃക്ഷം. ഈ പുനരുൽപ്പാദന ശേഷിയാണ് അതിന്റെ ജൈവ സംരക്ഷണമായി പ്രവർത്തിക്കുകയും ദീർഘകാലജീവിതം ഉറപ്പാക്കുകയും ചെയ്യുന്നത്.
ഗ്രീക്ക് ചരിത്രത്തിലും പുരാണങ്ങളിലും ഒലിവ് വൃക്ഷങ്ങളെക്കുറിച്ചുള്ള പരാമള്ശങ്ങളുണ്ട്. പുരാതന കാലത്ത്, ഒലിവ് തോട്ടങ്ങൾ പവിത്രമായി കണക്കാക്കപ്പെട്ടിരുന്നു. അവയുടെ എണ്ണ ഭക്ഷണത്തിന് മാത്രമല്ല, മതപരമായ ചടങ്ങുകളിലും ഔഷധങ്ങളിലും വിളക്കുകളുടെ ഇന്ധനമായും ഉപയോഗിച്ചിരുന്നു. പാർഥെനോണിനേക്കാൾ പഴക്കമുള്ള ഒലിവ് വൃക്ഷം സഹിഷ്ണുതയെയും വിവേകത്തെയും പ്രതീകപ്പെടുത്തുന്നതാണ്.
അതേസമയം ഇന്നും പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും ഈ വൃക്ഷത്തിന്റെ കൃത്യമായ പ്രായം ചർച്ച ചെയ്യുന്നത് തുടരുകയാണ്. 2,000 മുതല് 4,000 വർഷം വരെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. കാരണം മനുഷ്യചരിത്രം മാത്രമല്ല കാലം മായിച്ച പല രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരനാണ് ഈ വൃക്ഷം. മനുഷ്യർക്കും ഏറെ പ്രയോജനകരമായ ഈ ഒലിവ് വൃക്ഷത്തിന്റെ എണ്ണയിൽ പ്രകൃതിദത്ത ആൻ്റിമൈക്രോബയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ വൃക്ഷം സ്വയം സംരക്ഷിക്കപെടുകയും ചെയ്യുന്നു. മാത്രമല്ല ഇവ ഏത് കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമാണ്. ജലം നിലനിർത്തുന്നതിലും ഇവ മികച്ചതാണ്, അതിനാൽ വരണ്ട മെഡിറ്ററേനിയൻ കാലാവസ്ഥയിൽ അതിജീവിക്കാൻ പാടുപെടുന്ന മറ്റു സസ്യങ്ങൾക്കും വളരാനുള്ള സാഹചര്യം ഇവ ഒരുക്കുന്നു.