ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളില്‍ ഒന്നായ അഹമ്മദാബാദ് ദുരന്തത്തില്‍ വിമാനയാത്രയില്‍ സഹോദരന്‍ ഉള്‍പ്പെടെ കൂടെയുണ്ടായിരുന്ന മുഴുവന്‍ പേരും മരണമടഞ്ഞപ്പോള്‍ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് രക്ഷപ്പെട്ടത് ആശ്വാസവും അതേസമയം തന്നെ കൗതുകകരവുമായിരുന്നു. വിമാനത്തിലെ 11 എ സീറ്റിലായിരുന്നു വിശ്വാസ്‌കുമാര്‍ ഇരുന്നിരുന്നത്.
വിവരമറിഞ്ഞപ്പോള്‍ ഞെട്ടിയത് തായ്‌ലന്റുകാരന്‍ റൗംഗ്‌സാക് ലോയ്ചുസാക് ആയിരുന്നു. അതിന് കാരണം 1998-ല്‍ തായ് എയര്‍വേയ്സ് വിമാനം തകര്‍ന്നപ്പോള്‍ താന്‍ ഇരുന്ന അതേ സീറ്റായിരുന്നെന്ന തിരിച്ചറിവായിരുന്നു. എയര്‍ ഇന്ത്യ അപകടത്തില്‍ ആള്‍ രക്ഷപ്പെട്ട ഒരേയൊരു സീറ്റ് 11എ ആയിരുന്നു എന്നതാണ് ലോയ്ചുസാകിനെ ഞെട്ടിച്ചത്.
27 വര്‍ഷം മുമ്പ് ഒരു മാരകമായ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍ തായ് നടനും ഗായകനുമായ 20-കാരന്‍ റൗംഗ്‌സാക് ലോയ്ചുസാക് ഇരുന്നതും എ11 സീറ്റിലാണ്. എയര്‍ ഇന്ത്യ ദുരന്തത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹം ആ യാദൃശ്ചികത ശ്രദ്ധിച്ചു. 1998 ഡിസംബര്‍ 11-ന്, തെക്കന്‍ തായ്ലന്‍ഡില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തായ് എയര്‍വേയ്സിന്റെ ടിജി261 ഫ്‌ലൈറ്റ് സ്തംഭിച്ച് ചതുപ്പില്‍ മുങ്ങി, വിമാനത്തിലുണ്ടായിരുന്ന 146 പേരില്‍ 101 പേര്‍ മരിച്ചു. രക്ഷപ്പെട്ടവരില്‍ റൗംഗ്‌സാകും ഉണ്ടായിരുന്നു.
എയര്‍ ഇന്ത്യ ഫ്ളൈറ്റ് എഐ171 അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരന്‍ വിശ്വാഷ് കുമാര്‍ രമേഷ് വിമാനം തകരുമ്പോള്‍ 11 എയില്‍ ഇരുന്നിരുന്നുവെന്ന് അറിഞ്ഞതിന് ശേഷം തനിക്ക് അസ്വസ്ഥതയുണ്ടെന്ന് ഇപ്പോള്‍ 47 വയസ്സുള്ള റുവാങ്സാക് പറഞ്ഞു.
”ഇന്ത്യയില്‍ നടന്ന വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവന്‍, ഞാന്‍ ഇരുന്ന അതേ സീറ്റില്‍ ഇരുന്നു. 11 എ.” ആ വിമാനാപകടത്തിന് ശേഷം ഒരു പതിറ്റാണ്ടോളം അദ്ദേഹം വിമാനയാത്ര ഒഴിവാക്കി. അപകടത്തിനു ശേഷമുള്ള തന്റെ ജീവിതത്തെ ‘രണ്ടാം ജീവിതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. സീറ്റ് 11 എയിലെ അത്ഭുതം പൊതുജനങ്ങളെ അമ്പരപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എമര്‍ജന്‍സി എക്‌സിറ്റില്‍ ഇരുന്ന രമേഷ് വിമാനത്തില്‍ നിന്ന് തെറിച്ചുവീണു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചപ്പോള്‍ താന്‍ എങ്ങനെ രക്ഷപ്പെട്ടുവെന്ന് തനിക്കറിയില്ലെന്ന് ആശുപത്രിയില്‍ നിന്ന് സംസാരിക്കവെ രമേശ് പറഞ്ഞു. ‘ ഞാനും മരിക്കുമെന്ന് ഞാന്‍ കരുതി, പക്ഷേ ഞാന്‍ കണ്ണുതുറന്നപ്പോള്‍, ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന് മനസ്സിലായി, സീറ്റ്ബെല്‍റ്റ് അഴിച്ച് രക്ഷപ്പെടാന്‍ ഞാന്‍ ശ്രമിച്ചു,’ അദ്ദേഹം പറഞ്ഞു. രമേശിന്റെ രക്ഷപ്പെടല്‍ വിമാനത്തിലെ എമര്‍ജന്‍സി എക്സിറ്റ് 11 എ സീറ്റുകളിലേക്കും താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. തങ്ങളുടെ അടുത്ത വിമാനത്തിനായി ഈ സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.




