Movie News

ദീര്‍ഘനാളത്തെ ഇടവേള കഴിഞ്ഞു ; പ്രിയദര്‍ശന്‍ രണ്ടു സിനിമകളുമായി ബോളിവുഡിലേക്ക്

ഹിന്ദി സിനിമയില്‍ വന്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രത്യേകിച്ചും മലയാളത്തില്‍ നിന്ന് ബോളിവുഡിലേയ്ക്കുള്ള അഡാപ്‌റ്റേഷന്‍ സിനിമകള്‍. എന്നാല്‍ കുറേ കാലമായി സിനിമയില്‍നിന്നു തന്നെ വിട്ടു നില്‍ക്കുന്ന സംവിധായകന്‍ രണ്ടു വമ്പന്‍ സിനിമകളുമായി ബോളിവുഡിലേക്ക് തിരിച്ചു വരുന്നതായി റിപ്പോര്‍ട്ട്.

2025 ന്റെ തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘ഭൂത് ബംഗ്ലാ’ എന്ന ഒരു ഹൊറര്‍-കോമഡി ചിത്രമാണ് ആദ്യത്തേത്. ദീര്‍ഘകാലത്തിന് ശേഷം തന്റെ പ്രിയപ്പെട്ട നടന്‍ അക്ഷയ് കുമാറുമായി വീണ്ടും ഒന്നിക്കുന്നതായി പ്രിയദര്‍ശന്‍ അടുത്തിടെ പ്രഖ്യാപിച്ചു. സെയ്ഫ് അലി ഖാനും ബോബി ഡിയോളും അഭിനയിക്കുന്ന ഒരു ത്രില്ലറും അദ്ദേഹം സംവിധാനം ചെയ്യുന്നു.

‘ഹേരാ ഫേരി’, ‘ഫിര്‍ ഹേരാ ഫേരി’, ‘ദേ ദാനാ ദാന്‍’ തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലെ മികച്ച കോമഡി രംഗങ്ങള്‍ പ്രിയദര്‍ശന്റേതായി അടയാളപ്പെടുത്തിയിട്ടുണ്ട്. വിജയ് യുടെ അവസാന സിനിമയായി കരുതുന്ന വിജയ് 69 ന്റെ പ്രൊഡക്ഷന്‍ ഹൗസായ കെ.വി.എന്‍. പ്രൊഡക്ട്‌സിനു വേണ്ടിയും പ്രിയന്‍ ഒരു സിനിമയൊരുക്കുമെന്ന് കേള്‍ക്കുന്നു. കൊറോണ പേപ്പേഴ്‌സാണ് പ്രിയന്റെ അവസാന മലയാളം പടം.