Crime

രാജാവിനെയും രാജവാഴ്ചയെയും വിമര്‍ശിച്ചു ; തായ്‌ലന്റില്‍ പാര്‍ലമെന്റംഗത്തിന് ആറു വര്‍ഷം തടവും 14,000 ഡോളര്‍ പിഴയും

രാജാവിനെ വിമര്‍ശിച്ചതിന് തായ്‌ലന്റില്‍ പാര്‍ലമെന്റംഗത്തിന് തടവുശിക്ഷയും പിഴയും. രാജവാഴ്ചയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതില്‍ രുക്ചനോക്ക് ‘ഐസ്’ ശ്രീനോര്‍ക്ക് (28) എന്ന വനിതാ എംപിയ്ക്ക് ആറു വര്‍ഷത്തെ തടവും 14,000 ഡോളര്‍ പിഴയുമാണ് ശിക്ഷ കിട്ടിയത്. ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഐസ് പ്രതിനിധീകരിക്കുന്ന മൂവ് ഫോര്‍വേഡ് പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു.

കഠിനമായ ലെസ്-മജസ്റ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീനോര്‍ക്കിന് ജാമ്യം ലഭിച്ചപ്പോള്‍ കുറ്റം ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കുകയുണ്ടായി. തായ് രാജവാഴ്ചയെ വിമര്‍ശിച്ചതിന് ആളുകളെ കഠിനമായി ശിക്ഷിക്കുന്ന രാജ്യമാണ് തായ്‌ലന്റ്. ഈ ആഴ്ച ആദ്യം, രാജകീയ വാഹനവ്യൂഹത്തിന് നേരെ ആക്രോശിച്ചതിന് 26 കാരനായ ഒരാളെ ജയിലിലേക്ക് അയച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്.

2020ല്‍ ഈ നിയമങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധങ്ങള്‍ മാസങ്ങളോളം നീണ്ടുനിന്നിരുന്നു. 2020 മുതല്‍ ഈ നിയമങ്ങള്‍ പ്രകാരം ഏകദേശം 260 കുറ്റങ്ങള്‍ ചുമത്തിയതായി തായ് ലോയേഴ്സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്തതിന് രണ്ടായിരത്തോളം പേര്‍ പ്രോസിക്യൂഷന്‍ നേരിട്ടിട്ടുണ്ട്. രാജവാഴ്ചയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന്‍ ഉപയോഗിക്കുന്നതായി അവര്‍ ആരോപിച്ച ഒരു പോസ്റ്റില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇത് അപകീര്‍ത്തികരമാണെന്ന് കോടതി വിലയിരുത്തി. ഒരു പ്രത്യേക പോസ്റ്റിലൂടെ അവര്‍ രാജാവിനോട് ‘വലിയ വിരോധം’ കാണിച്ചതായി കോടതി കുറ്റപ്പെടുത്തി.