Crime

കുടുംബവഴക്ക്: ഭര്‍ത്താവിനെ കുത്തി, മൂന്നു മക്കളേയും കാറില്‍ കയറ്റി കൊണ്ടുപോയി തടാകത്തില്‍ ചാടിച്ചു…!

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കുത്തിയ ശേഷം തന്റെ മൂന്ന് മക്കളെയും കാറില്‍ കയറ്റി അതിവേഗം ഓടിച്ച് യുവതി തടാകത്തില്‍ ചാടിച്ചു. അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന സംഭവത്തില്‍ ഗാര്‍ഹിക പീഡനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ ഏകദേശം 7:48 ന് ഒരു വീട്ടില്‍ കത്തിക്കുത്ത് നടന്നതായി ഒരു അടിയന്തര കോള്‍ ലഭിച്ചതായി കരോള്‍ട്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.

കുത്തേറ്റ സംഭവത്തിന് പിന്നാലെ സമീപത്തെ തടാകത്തില്‍ ഒരു വാഹനം മുങ്ങിയതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു. കുത്തിയ അതേ സ്ത്രീ തന്നെയാണ് ഡ്രൈവറെന്ന് ലൂയിസ്വില്ലെ പോലീസ് സ്ഥിരീകരിച്ചു. എട്ട്, ഒമ്പത്, 12 പ്രായത്തിലുള്ള മൂന്ന് കുട്ടികളാണ് വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഇവരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കുത്തേറ്റ ഭര്‍ത്താവും ചികില്‍സയിലാണ്.രക്ഷാപ്രവര്‍ത്തനത്തിന് ശേഷം, സ്ത്രീയെ നിയമപാലകര്‍ തടഞ്ഞുവച്ചു. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച ഉച്ചവരെ സംശയിക്കുന്നയാളുടെയും ഇരകളുടെയും ഐഡന്റിറ്റികള്‍ കരോള്‍ട്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വെളിപ്പെടുത്തിയിട്ടില്ല.