ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഡോ. ഷഹീന്‍ സയീദിനു പുല്‍വാമ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായിരുന്ന ജയ്‌ഷെ കമാന്‍ഡര്‍ ഉമര്‍ ഫറൂഖിന്റെ ഭാര്യ അഫീറ ബിബിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തല്‍. ജയ്‌ഷെ മേധാവി മസൂദ് അസറിന്റെ ബന്ധുവാണ് ഉമര്‍ ഫറൂഖ്. 2019ലെ പുല്‍വാമ ആക്രമണത്തില്‍ 40 കേന്ദ്ര റിസര്‍വ് പോലീസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ് ഉമര്‍ ഫറൂഖ് കൊല്ലപ്പെട്ടത്.
ജയ്‌ഷെയുടെ പുതിയ വനിതാ വിഭാഗമായ ജമാഅത്ത്‌ഉല്‍മോമിനാതിലെ പ്രധാന നേതാവാണു ഉമറിന്റെ ഭാര്യ അഫീറ ബിബി. ഡല്‍ഹിയില്‍ സ്‌ഫോടനം നടക്കുന്നതിന് ആഴ്‌ചകള്‍ക്ക് മുമ്പ്, അഫീറ ഈ വിഭാഗത്തിന്റെ ഉപദേശക സമിതിയായ ‘ഷൂറ’യില്‍ അംഗമായിരുന്നു. മസൂദ് അസറിന്റെ ഇളയ സഹോദരി സാദിയ അസറിനൊപ്പമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെല്ലാവരും ഷഹീന്‍ സയീദുമായി ബന്ധം പുലര്‍ത്തിയിരുന്നതായി ഉദ്യോഗസ്‌ഥര്‍ പറയുന്നു.
ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാലയിലെ മുതിര്‍ന്ന ഡോക്‌ടറായിരുന്നു ഷഹീന്‍ സയീദ്. ഇവരുടെ കാറില്‍നിന്ന് തോക്കുകളും മറ്റ് വെടിക്കോപ്പുകളും കണ്ടെടുത്തതിനെ തുടര്‍ന്നാണ് അറസ്‌റ്റ് ചെയ്‌തത്. ജമാഅത്ത്‌ഉല്‍മോമിനാത്തിന്റെ ഇന്ത്യയിലെ വിഭാഗം രൂപീകരിക്കാനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌ത്രീകളെ റിക്രൂട്ട് ചെയ്യാനുമായിരുന്നു ഷഹീന്‍ സയീദിന് ചുമതല നല്‍കിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ലഖ്‌നൗ സ്വദേശിനിയായ ഷഹീന്‍ സയീദ്, അല്‍ഫലാഹ് സര്‍വകലാശാലയില്‍ ചേരുന്നതിനു മുമ്പ് നിരവധി മെഡിക്കല്‍ കോളജുകളില്‍ ജോലി ചെയ്‌തിട്ടുണ്ട്.
2012 സെപ്‌റ്റംബര്‍ മുതല്‍ 2013 ഡിസംബര്‍ വരെ കാണ്‍പൂരിലെ ഒരു മെഡിക്കല്‍ കോളജില്‍ ഫാര്‍മക്കോളജി വിഭാഗം മേധാവിയായിരുന്നു. അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അനുസരിച്ച്, 2016 മുതല്‍ 2018 വരെ രണ്ട് വര്‍ഷം യു.എ.ഇയില്‍ താമസിച്ചിട്ടുണ്ട്.
ഷഹീന്‍ സയീദ് പലപ്പോഴും യാതൊരു അറിയിപ്പുമില്ലാതെ ജോലിക്ക് വരാതെ വിട്ടുനിന്നിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.
ഷഹീന്‍ സയീദ് ഡോക്‌ടറായ ഡോ. ഹയാത്ത് സഫറിനെ വിവാഹം കഴിച്ചിരുന്നെങ്കിലും 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്, അവര്‍ ഡോ. സഫറിനോടൊപ്പമാണ് താമസിക്കുന്നത്. വേര്‍പിരിഞ്ഞതിന് ശേഷം താന്‍ അവരുമായി യാതൊരു ബന്ധവും പുലര്‍ത്തിയിട്ടില്ലെന്ന് മുന്‍ ഭര്‍ത്താവ് പറഞ്ഞു.
‘അവര്‍ക്ക് ഒരിക്കലും മതത്തില്‍ അമിതമായ താല്‌പര്യമുണ്ടായിരുന്നില്ല, അവര്‍ ഉദാരമതിയായിരുന്നു. ഞങ്ങള്‍ ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ താമസിക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. അതിനുശേഷം ഞങ്ങള്‍ വേര്‍പിരിഞ്ഞു’- അദ്ദേഹം പറഞ്ഞു. ‘ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള നീക്കത്തില്‍ ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.
എന്റെ കുട്ടികള്‍ അവരുമായി സംസാരിക്കാറില്ല.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷഹീന്റെ പിതാവ് തന്റെ മകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞു.
ഷഹീന്‍ പലപ്പോഴും ക്ലാസുകളില്‍ വരാതെ വിട്ടുനിന്നിരുന്നതായും സര്‍വകലാശാല അധികൃതര്‍ക്ക് ഇവരെക്കുറിച്ച് പരാതി ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കോളജിന്റെ കോര്‍ കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു അവര്‍. ക്ലാസുകളില്‍ എപ്പോഴാണ് അവരെത്തിയിരുന്നതെന്നതിനെക്കുറിച്ച് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ സര്‍വകലാശാല അധികൃതരോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോ. ഷഹീനൊപ്പം അല്‍ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്‌തിരുന്ന ഡോ. മുസമില്‍ ഇപ്പോള്‍ പോലീസ് കസ്‌റ്റഡിയിലാണ്.




