അശ്രദ്ധമായി വാഹനമോടിച്ചതിന് ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്തപ്പോൾ, ഓർഡർ ചെയ്ത പിസ്സ ഉപഭോക്താവിന് എത്തിച്ച് നൽകി ടെംപേ പോലീസ്. യുഎസിലെ ടെംപേയിലാണ് സംഭവം.
ഭക്ഷണം വിതരണം ചെയ്യാനായി പോവുകയായിരുന്ന ഡെലിവറി ബോയിയെ അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, ഉപഭോക്താവ് ഓർഡർ ചെയ്ത ഭക്ഷണം പാഴാക്കാൻ പോലീസ് തയ്യാറായില്ല. അവർ സ്വയം ആ പിസ്സ ഓർഡർ ചെയ്ത വിലാസത്തിൽ എത്തിച്ചുനൽകുകയായിരുന്നു.
ടെംപേ പോലീസ് തങ്ങളുടെ X അക്കൗണ്ടിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന യുവതി, പിസ്സയുമായി നിൽക്കുന്ന പോലീസുകാരെ കണ്ട് അത്ഭുതപ്പെടുന്നതും വീഡിയോയിൽ കാണാം. ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്തതുകൊണ്ടാണ് തങ്ങൾ പിസ്സയുമായി വന്നതെന്ന് പോലീസ് യുവതിയോട് വിശദീകരിച്ചു. പിസ്സ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ യുവതി പോലീസിന് നന്ദി പറയുന്നതും വീഡിയോയിലുണ്ട്.




