സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുമായി സംവദിക്കാറുള്ള നടി കങ്കണാറാണത്ത് ഇന്ത്യയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിഷയത്തിലും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. അടുത്തിടെയാണ് തന്റെ പുതിയ സിനിമ തേജസ് കാണാന്‍ നടി ആരാധകരോട് അഭ്യര്‍ത്ഥിച്ച് എക്സില്‍ സന്ദേശമിട്ടത്. എന്നാല്‍ നടിയുടെ ഈ അപേക്ഷയൊന്നും ആരാധകര്‍ കൈക്കൊണ്ടിട്ടില്ല. നടിയുടെ അടുത്തിടെ വന്ന മിക്ക സിനിമകളും വന്‍ പരാജയമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയതായി പുറത്തുവന്ന തേജസ് അടക്കം തുടര്‍ച്ചയായി 10 സിനിമകളാണ് നടിയുടേതായി നഷ്ടത്തിലായത്. കങ്കണ അവസാനമായി നല്കിയ ഹിറ്റ് 2015-ലാണ് – തനു വെഡ്സ് മനു റിട്ടേണ്‍സ്, അന്നുമുതല്‍ അവളുടെ ആരാധകര്‍ ഒരു അത്ഭുതത്തിനായി കാത്തിരിക്കുകയാണ്. ധാക്കഡിന് ശേഷം കങ്കണയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ദുരന്തമായി മാറിയിരിക്കുകയാണ് തേജസ്.കഴിഞ്ഞ മാസമാണ് നടി നായികയായ തേജസ് എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തില്‍ എയര്‍ഫോഴ്സ് ഓഫീസറുടെ വേഷത്തിലാണ് എത്തിയത്. എന്നാല്‍ ആദ്യ ദിവസം മുതല്‍ ചിത്രത്തിനായി ആള്‍ക്കൂട്ടം ഉണ്ടായിരുന്നില്ല. തിയേറ്ററുകളില്‍ ആള്‍ക്കൂട്ടം ഇല്ലാത്തതിനാല്‍ ചിത്രം രണ്ടാമത്തെ ആഴ്ച തന്നെ നീക്കം ചെയ്തു.
ഭാഷമാറി അഭിനയിച്ചു നോക്കിയിട്ടും രക്ഷയുണ്ടായില്ല. തമിഴില്‍ രാഘവേന്ദ്ര ലോറന്‍സിനൊപ്പം വന്ന ചന്ദ്രമുഖി 2വും വന്‍ പരാജയമായിരുന്നു. പി.വാസു സംവിധാനം ചെയ്ത ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. ചന്ദ്രമുഖി 2, ധാക്കഡ്, തലൈവി, പംഗ, ജഡ്ജ്മെന്റല് ഹേ കിയ, സിമ്രാന്, റംഗൂണ്‍, കട്ടി ബട്ടി, ഐ ലവ് ന്യൂയോര്‍ക്ക് തുടങ്ങിയ കങ്കണ റണാവത്തിന്റെ ചിത്രങ്ങളും പരാജയമായിരുന്നു.തന്റെ സിനിമകള്‍ തുടര്‍ച്ചയായ പരാജയങ്ങളെ അഭിമുഖീകരിക്കുന്നതിനാല്‍ നടി ആശങ്കാകുലയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ കങ്കണയും റെക്കോര്‍ഡ് സ്ഥാപിച്ചു. തുടര്‍ച്ചയായി 10 സിനിമകള്‍ പൊട്ടിയ കങ്കണ മറ്റാരും ചെയ്യാത്ത നേട്ടം കൈവരിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.