Crime Featured

മറ്റൊരു ബന്ധമുണ്ടെന്നു തര്‍ക്കം, ശാരീരികമായി ബന്ധപ്പെട്ടത് പുറത്തറിയിക്കുമെന്ന് പെണ്‍കുട്ടി ; കൗമാരപ്രണയം കലാശിച്ചത് കൊലപാതകത്തില്‍, പ്രതി ലഹരിക്കടിമ?

മലപ്പുറം: വാണിയമ്പലം തൊടിയപ്പുലത്ത് പതിനാലു വയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പതിനാറുകാരന്‍ അറസ്റ്റില്‍. കരുവാരകുണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണു മരിച്ചത്. പ്രായത്തിനപ്പുറം കടന്ന ബാലപ്രണയമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പോലീസിന്റെ പ്രഥമിക നിഗമനം.

സ്‌കൂളില്‍നിന്നു 15 കിലോമീറ്റര്‍ അകലെയുള്ള തൊടിയപ്പുലം റെയില്‍വേ ട്രാക്കിനരികെ കുറ്റിക്കാട്ടില്‍ ഇരുകൈകളും മുന്‍വശത്തേക്കു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. സ്‌കൂള്‍ യൂണിഫോമാണ് കുട്ടി ധരിച്ചിരുന്നത്. പലതവണ വീട്ടില്‍ തെരഞ്ഞുചെന്ന ആണ്‍സുഹൃത്തിന്റെ പ്രവൃത്തികളില്‍ വിദ്യാര്‍ഥിനിക്കു ഭയമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ആണ്‍സുഹൃത്തിനെ മുമ്പ് താക്കീത് ചെയ്തിരുന്നതായി പറയുന്നു. എന്നാല്‍ പെണ്‍കുട്ടിക്കു മറ്റൊരാളുമായി അടുപ്പമുള്ളതായി പതിനാറുകാരന് സംശയമുണ്ടായിരുന്നു.

കഴിഞ്ഞ 15 ന് സ്‌കൂളിലേക്കെന്നു പറഞ്ഞാണ് അനിയത്തിക്കൊപ്പം പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. രാവിലെ സ്‌കൂളിനു സമീപം ബസിറങ്ങി ആണ്‍സുഹൃത്തിനൊപ്പം പോവുകയായിരുന്നു. വൈകിട്ട് ആറിന് അമ്മയുടെ ഫോണിലേക്കു വിളിച്ച് വൈകാതെ വീട്ടിലെത്തുമെന്നു പറഞ്ഞു. പിന്നീട് ഫോണ്‍ സ്വിച്ചോഫായതോടെ മാതാവ് കരുവാരകുണ്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി പെണ്‍കുട്ടിക്കു ബന്ധമുണ്ടായിരുന്നെന്ന് മാതാപിതാക്കള്‍ അറിയിച്ചതോടെ പൊലീസ് ആണ്‍കുട്ടിയുടെ വീട്ടിലെത്തി ചോദ്യം ചെയ്തു. പിന്നീട് പ്രതി തന്നെയാണ് മൃതദേഹം പോലീസിനു കാണിച്ചുകൊടുത്തത്.

പതിനാറുകാരനൊപ്പം കരുവാരക്കുണ്ടില്‍നിന്നു പാണ്ടിക്കാട്ടേക്കും അവിടെനിന്ന് വണ്ടൂരിലും പെണ്‍കുട്ടി എത്തിയതായി പറയുന്നു. തുടര്‍ന്നാണ് വാണിയമ്പലത്തെത്തിയത്. ബസുകളിലായിരുന്നു യാത്ര. വാണിയമ്പലത്തുനിന്ന് റെയില്‍പാതയിലൂടെ നടന്ന് കൃത്യം നടന്ന സ്ഥലത്തെത്തിയശേഷം പെണ്‍കുട്ടിയുമായി ശാരീരികബന്ധം പുലര്‍ത്തിയെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

ബലപ്രയോഗത്തിലൂടെ കൈകള്‍ കൂട്ടിക്കെട്ടി പെണ്‍കുട്ടിയുടെ ജീവനെടുക്കുകയായിരുന്നെന്നും പതിനാറുകാരന്‍ പോലീസിനോടുപറഞ്ഞു. സംഭവത്തിനുശേഷം ആണ്‍സുഹൃത്ത് തൊട്ടടുത്ത വീട്ടില്‍ ചെന്നു വെള്ളം കുടിക്കുകയും ആ വീട്ടുകാരുടെ മൊബൈല്‍ വാങ്ങി അച്ഛനെ വിളിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അച്ഛനൊപ്പമാണു പ്രതി വീട്ടിലേക്കു പോയതെന്നും പറയുന്നു.

പതിനാറുകാരന്‍ കുറച്ചുദിവസമായി സ്‌കൂളില്‍ പോകാതെ കൂലിപ്പണി ചെയ്യുകയായിരുന്നെന്നും ലഹരിക്കടിമയാണെന്നും പരിസരവാസികള്‍ പറയുന്നു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കുള്ളതായി അറിവായിട്ടില്ല.
പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്നു പറഞ്ഞ് പ്രതി ശകാരിച്ചപ്പോള്‍ ശാരീരികമായി ബന്ധപ്പെട്ടതടക്കം പുറത്തറിയിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞതാണ് പതിനാറുകാരനെ പ്രകോപിച്ചതെന്നാണു നിഗമനം.