ഓസ്ട്രേലിയയെ നടുക്കി വീണ്ടും സ്രാവിന്റെ ആക്രമണം. വടക്കൻ ബ്രിസ്‌ബേനിൽ ബീച്ചിൽ നീന്തുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് 17 കാരിക്ക് ദാരുണാന്ത്യം. വെറും അഞ്ചാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സ്രാവ് ആക്രമണമാണിത്.
സ്രാവിന്റെ ആക്രമണം റിപ്പോർട്ട് ചെയ്തതിനെ പിന്നാലെ തിങ്കളാഴ്ച ഉച്ചയോടെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബ്രിബി ഐലൻഡിലെ വൂറിം ബീച്ചിൽ എമർജൻസി റെസ്‌പോണ്ടർമാർ എത്തി. അരയ്ക്കുമുകളിലേക്ക് ഗുരുതര പരിക്കേറ്റ കൗമാരക്കാരിയെ ചികിൽസിക്കാൻ ഉടൻ തന്നെ വിദഗ്ദ സംഘത്തെ സജ്ജമാക്കിയെങ്കിലും ആക്രമണം നടന്ന് 15 മിനിറ്റിനുള്ളിൽ പെൺകുട്ടി മരിച്ചു,
“ചാർലിസ് സ്മുഡ എന്ന് പേരുള്ള പെൺകുട്ടിയാണ് സ്രാവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്” ക്വീൻസ്‌ലാൻഡ് പോലീസ് വക്താവ് പറഞ്ഞു.
എട്ട് വയസ്സ് മുതൽ ബ്രിബി ഐലൻഡ് സർഫ് ലൈഫ് സേവിംഗ് ക്ലബിലെ സജീവ അംഗമായിരുന്നു ചാർലിസ്, പിതാവ് സ്റ്റീവ് ജ്മുഡ AВС യോട് വ്യക്തമാക്കി. അതുകൊണ്ട് തന്നെ വീണ്ടും ബീച്ച് സന്ദർശിക്കുന്നതിൽനിന്ന് ആരെയും പിന്തിരിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
“ഞങ്ങളുടെ ക്ലബിനും സമൂഹത്തിനും ഏറ്റവും നല്ലത് മാത്രം ആഗ്രഹിക്കുന്ന ഒരു സമർപ്പിത അംഗമായിരുന്നു അവൾ,” അദ്ദേഹം പറഞ്ഞു. “ഇന്നലെ ദുരന്തവാർത്ത ലഭിച്ചപ്പോൾ, ഞാൻ അങ്ങേയറ്റം തളർന്നുപോയി, പക്ഷേ ആളുകൾ ബീച്ചിലേക്ക് വരുന്നത് നിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
ഏത് ഇനം സ്രാവാണ് ആക്രമിച്ചതെന്ന് തിരിച്ചറിയാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പെൺകുട്ടിയെ രക്ഷിക്കാനായി പോലീസ് ഉദ്യോഗസ്ഥർ വെള്ളത്തിലിറങ്ങിയെങ്കിലും രക്ഷിക്കാനായില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഈ പ്രദേശത്ത് സ്രാവുകളെ പതിവായി കാണാറുണ്ടെന്ന് പ്രദേശവാസിയായ ജോൺ വേഡെ കൊറിയർ-മെയിലിനോട് പറഞ്ഞു. “എല്ലാ ദിവസവും സ്രാവുകളെ കാണുന്നുണ്ട്. ആളുകൾ ഒന്നും പറയുന്നില്ല. ഇത് സാധാരണമാണ്,” അദ്ദേഹം പറഞ്ഞു.
ജനുവരി 2 ന്, ദക്ഷിണ ഓസ്‌ട്രേലിയയിലെ ഗ്രാനൈറ്റ്സ് ബീച്ചിൽ സർഫർ ആയ ലാൻസ് ആപ്പിൾബി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനും ദിവസങ്ങൾക്ക് മുമ്പ്, ഡിസംബർ 28-ന്, ക്യൂൻസ്‌ലാന്റിലെ കെപ്പൽ ബേ ദ്വീപുകൾക്ക് സമീപം മീൻ പിടിക്കുന്നതിനിടയിൽ 40-കാരനായ ചാപ്ലിൻ ലൂക്ക് വാൽഫോർഡ് എന്ന വ്യക്തിയും കൊല്ലപ്പെട്ടിരുന്നു.
നിലവിൽ ചൂണ്ടയിട്ട ഡ്രം ലൈനുകളും ഡ്രം നിരീക്ഷണവും ഉൾപ്പെടെയുള്ള സ്രാവ് നിയന്ത്രണ നടപടികൾ വൂറിം ബീച്ചിൽ ഉണ്ട്. ചാർലിസിന്റെ മരണത്തിൽ മോറെട്ടൺ ബേ മേയർ പീറ്റർ ഫ്ലാനറി കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി “ഇത് ബ്രിബി ഐലൻഡ് സമൂഹത്തിന് ഏറെ വിഷമകരമായ സമയമാണ് ” അദ്ദേഹം പറഞ്ഞു.
CBS ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു 1791 മുതൽ ഓസ്‌ട്രേലിയയിൽ 1,200-ലധികം സ്രാവ് ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിൽ 250-ലധികം എണ്ണം മാരകമായിരുന്നു.