Crime

വിദ്യാർഥിയോട് കൊടുംക്രൂരത: മുടിയിൽ പിടിച്ച് വലിച്ചിഴച്ചശേഷം അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഗുജറാത്തിലെ അഹമ്മദാബാദിൽ വിദ്യാർഥിയോട് അധ്യാപകന്റെ കൊടുംക്രൂരത. വിദ്യാർത്ഥിയെ അതിക്രൂരമായി മർദിച്ച ശേഷം അധ്യാപകൻ മുടിയിൽ പിടിച്ച് വലിച്ചിഴച്ചതായിട്ടാണ് പരാതി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ അധ്യാപകനെ സ്കൂൾ അധികൃതർ പുറത്താക്കി.

വീഡിയോ ഓൺലൈനിൽ വലിയ ശ്രദ്ധ നേടിയതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് നടപടി എടുത്തത്. റിപ്പോർട്ടുകൾ അനുസരിച്ച് ഒരു സ്വകാര്യ സ്കൂളിൽ സെപ്തംബർ 24 ന് ഏകദേശം 8:00 AM മണിയോടെയാണ് സംഭവം നടന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ അധ്യാപകൻ വിദ്യാർത്ഥിയുടെ അടുക്കൽ എത്തുന്നതും ബലമായി മുടിയിൽ പിടിക്കുന്നതുമാണ് കാണുന്നത്. തുടർന്ന് അധ്യാപകൻ വിദ്യാർത്ഥിയെ ക്ലാസ് മുറിയുടെ മുന്നിലേക്ക് വലിച്ചിഴക്കുകയാണ്.

ഇതുകൊണ്ടൊന്നും തീർന്നില്ല വിദ്യാർത്ഥിയെ ക്ലാസ്സ്‌റൂമിന്റെ മുന്നിലേക്ക് എത്തിച്ച ശേഷം അയാൾ കുട്ടിയുടെ തല ബ്ലാക്ക്‌ബോർഡിൽ ഇടിപ്പിക്കുന്നതിന്റെ ദാരുണ ദൃശ്യങ്ങളാണ് തുടർന്ന് കാണുന്നത്. ടീച്ചർ കുട്ടിയെ ബ്ലാക്ക്ബോർഡിലേക്ക് തള്ളിയിടുകയും നിർത്താതെ അടിക്കുകയും ചെയ്യുന്നത് കാണാം.

സംഭവ സമയം മറ്റു വിദ്യാർഥികൾ ഇതെല്ലാം പേടിയോടെ നോക്കികാണുകയാണ്. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ, സംഭവം
വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്ന് ആളുകൾ ആവശ്യപെട്ടു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അഹമ്മദാബാദിലെ ഡിഇഒ സ്കൂളിന് നോട്ടീസ് അയച്ചു. എല്ലാ വിശദാംശങ്ങളും ശേഖരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡിഇഒ സൂചിപ്പിച്ചു.

സംഭവം രക്ഷിതാക്കളിൽനിന്നും സമൂഹത്തില്‍നിന്നും കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കി. അധികാരം ദുരുപയോഗം ചെയ്യുന്ന ഇത്തരം പെരുമാറ്റത്തിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനും തടയുന്നതിനുള്ള നടപടികൾ നടപ്പിലാക്കാനും പ്രാദേശിക അധികാരികൾക്കുമേല്‍ കടുത്ത സമ്മർദ്ദമാണ്.