Crime

അധ്യാപികയ്‌ക്കും ഭർത്താവിനും പ്രിൻസിപ്പിലിന്റെയും കൂട്ടരുടേയും ക്രൂരമർദനം: ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ കാണികളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന വീഡിയോകളാണ് കൂടുതലും വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയിൽ ഏറ്റവും പുതിയതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് യുപിയിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ്.
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഒരു സ്കൂൾ അധ്യാപികയെയും അവരുടെ ഭർത്താവിനെയും പ്രിൻസിപ്പലും സഹപ്രവർത്തകരും ചേർന്ന് അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.

എക്സിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അധ്യാപികയേയും ഭർത്താവിനെയും ഒരു സംഘം ആളുകൾ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണികളിൽ പലരിലും അസ്വസ്ഥത ഉളവാക്കി. സംഭവം ആളുകൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉടൻ തന്നെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു.

വീഡിയോയിൽ, ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരാളെ മർദിക്കുമ്പോൾ അധ്യാപിക “ എന്റെ ഭർത്താവിനെ അവർ അടിക്കുന്നെ.. “ എന്നു നിലവിളിക്കുന്നത് കേൾക്കാം. വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് സ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപികയുടെ ഭർത്താവാണ് ഇയാൾ എന്നു തിരിച്ചറിഞ്ഞത്. ഭാര്യയെ ജോലിക്ക് വിടാൻ വന്നപ്പോഴാണ് ഇയാൾക്ക് മർദ്ദനമേറ്റത്.

വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് പ്രകാരം, ആക്രമണത്തിന് പിന്നിൽ പ്രിൻസിപ്പൽ സുമിത് പഥക്കും അയാളുടെ സഹപ്രവർത്തകരുമാണ്. “ഒരു അധ്യാപികയെയും അവരുടെ ഭർത്താവിനെയും മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. സ്‌കൂൾ പ്രിൻസിപ്പൽ സുമിത് പഥക്കും സഹപ്രവർത്തകരും ചേർന്നാണ് ഇരയായ അധ്യാപികയെയും ഭർത്താവിനെയും മർദിച്ചത്.

ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല, പലരും ആശങ്ക പ്രകടിപ്പിച്ച് കമന്റ് സെക്ഷനിലെത്തി. “തികച്ചും ഭയാനകമാണ് ഈ കാഴ്ച്ച” ഒരാൾ കുറിച്ചു. ഒരു ബോളിവുഡ് സിനിമ പോലെയുണ്ട്. പ്രിൻസിപ്പൽ കരുതിയത് താൻ ഒരു സിനിമയിലാണെന്നാണ്, സ്വന്തം ആക്ഷൻ സീക്വൻസ് സംവിധാനം ചെയ്യുന്നതുപോലെ അയാൾക്ക് തോന്നിക്കാണും” മറ്റൊരാൾ കുറിച്ചു.

നേരത്തെ, രാജസ്ഥാനിലെ ജോധ്പൂരിൽ പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയും അധ്യാപകനും തമ്മിലുള്ള മറ്റൊരു നാടകീയമായ വാക്കേറ്റം ക്യാമറയിൽ പതിഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എക്‌സിൽ ഷെയർ ചെയ്ത വീഡിയോയിൽ വിദ്യാർത്ഥിയും ഇൻവിജിലേറ്ററും തമ്മിലുള്ള രൂക്ഷമായ വഴക്കാണ് കാണുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ 50,000-ത്തിലധികം കാഴ്‌ചകൾ നേടിയ ക്ലിപ്പ് ഓൺലൈനിൽ വ്യാപകമായ ചർച്ചകൾക്ക് തുടക്കമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *