Sports

ലോകചാംപ്യന്‍ ഗുകേഷ് തമിഴനോ, ആന്ധ്രാക്കാരനോ? തര്‍ക്കം മുഖ്യമന്ത്രിമാര്‍ തുടങ്ങി, ഇന്റര്‍നെറ്റ് ഏറ്റെടുത്തു

ലോകചാംപ്യന്‍ഷിപ്പില്‍ വന്‍ വിജയം നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ഗുകേഷിന്റെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനം കൊള്ളുമ്പോള്‍ ഗുകേഷിന്റെ പാരമ്പര്യത്തെ ചൊല്ലി തര്‍ക്കത്തിലാണ് തമിഴ്‌നാടും ആന്ധ്രാപ്രദേശും. രണ്ടു സംസ്ഥാനത്തിലെയും മുഖ്യമന്ത്രിമാരും ഗുകേഷ് തങ്ങളുടെ മകനാണെന്ന രീതിയില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

ലോകചാംപ്യനായതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി ഗുകേഷിനെ അഭിനന്ദിച്ച് എക്‌സില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിവാദം തുടങ്ങിയത്. ”തമിഴ്‌നാട് നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു.” യുവ ചാമ്പ്യന്റെ കഴുത്തില്‍ സ്വര്‍ണ്ണ മെഡല്‍ വയ്ക്കുന്നതിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ട് സ്റ്റാലിന്‍ കുറിച്ചു. രണ്ട് മിനിറ്റിന് ശേഷം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ ട്വീറ്റ് വന്നു. ‘നമ്മുടെ സ്വന്തം തെലുങ്ക് പയ്യന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍…” ടിഡിപി മേധാവി പറഞ്ഞു.

അതേസമയം ഗുകേഷ് ദൊമ്മരാജു തെലുങ്ക് പാരമ്പര്യമാണെങ്കിലും ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മെഡിക്കല്‍ പ്രൊഫഷണലുകളാണ്. താരതമ്യേന വൈകിയാണ് ചെസ്സിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യം വികസിച്ചത്, എന്നാല്‍ അദ്ദേഹത്തിന്റെ കഴിവ് ഉടന്‍ തന്നെ വ്യക്തമാവുകയും ആയിരുന്നു. അതേസമയം മന്ത്രിമാരുടെ തര്‍ക്കം പിന്നീട് മറ്റുള്ളവരും സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റെടുത്തു. വംശീയതയെയും ഭാഷയെയും കുറിച്ചുള്ള ഒരു വലിയ സംവാദത്തിന് തുടക്കം കുറിച്ചു..

ചെസ് താരത്തിന് തമിഴ്നാട് കാര്യമായ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഗുകേഷിന് 75 ലക്ഷം രൂപ സമ്മാനിച്ചതായി പറയുന്ന ഒരു ഏപ്രില്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഒരു എക്‌സ് ഉപയോക്താവ് പോസ്റ്റ് ചെയ്തു. ഗുകേഷിന് മേലുള്ള തമിഴ്നാടിന്റെ അവകാശവാദത്തെ ന്യായീകരിച്ച് നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. വിശ്വനാഥന്‍ ആനന്ദിനെ പിന്തുടര്‍ന്ന് ഗുകേഷ് ലോക ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും 2012 ന് ശേഷം ആദ്യത്തേതുമായി.

Leave a Reply

Your email address will not be published. Required fields are marked *