ഇന്ത്യയിലെ ജാതിചിന്തയ്ക്കും അയിത്തത്തിനുമെല്ലാം തന്റെ സിനിമകള്‍ കൊണ്ടു മറുപടി പറയുന്ന തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജ് പുതിയ സിനിമ ബൈസണുമായി ബന്ധപ്പെട്ട് വിവാദത്തില്‍. റാപ്പര്‍ വേടനുമായി സിനിമയില്‍ സഹകരിക്കുന്നതാണ് വിവാദത്തിന് കാരണം. സിനിമാപ്രേമികളില്‍ നിന്നും മാരി സെല്‍വരാജിന് രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയാണ്.
ബലാത്സംഗ ആരോപണനിഴലില്‍ നില്‍ക്കുന്ന റാപ്പര്‍ വേടനെ ‘ബൈസണി’ലെ ഒരു ഗാനത്തിനായി മാരി സെല്‍വരാജ് സഹകരിപ്പിച്ചിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ധ്രുവ് വിക്രം നായകനാവുന്ന ഈ ചിത്രത്തില്‍ ഒരു അതിക്രമം നടത്തിയ ആളെ എന്തിനു ചേര്‍ത്തു എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. വിവാഹ വാഗ്ദാനം നല്‍കി യുവ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ ആരോപണങ്ങള്‍ നേരിടുന്നയാളാണ് ഹിരണ്‍ദാസ് മുരളി എന്ന വേടന്‍. അങ്ങിനെ ഒരാളെ എന്തിന് സഹകരിപ്പിക്കുന്നു എന്നതാണ് ഉയര്‍ന്നിരിക്കുന്ന ചോദ്യം.
മീ ടൂ ആരോപണങ്ങള്‍ നേരിട്ട നടന്‍ ജോണ്‍ വിജയ്യുമായി സഹകരിച്ചതിന് സംവിധായകന്‍ പാ രഞ്ജിത്തിനെയും നെറ്റിസണ്‍സ് വിമര്‍ശിക്കുന്നുണ്ട്. എക്‌സ് പ്ലാറ്റ്ഫോമില്‍ ഒരു ഉപയോക്താവ് ഇങ്ങനെ കുറിച്ചു: ‘പാ രഞ്ജിത്തും മരി സെല്‍വരാജും ജോണ്‍ വിജയ്, വേടന്‍ തുടങ്ങിയ കലാകാരന്മാരെ സഹകരിപ്പിക്കുന്നത് തുടരുന്നു. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല.’ എന്നായിരുന്നു ഒരു ഉപയോക്താവ് എഴുതിയത്.
മാരി സെല്‍വരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ബൈസണി’ ല്‍ സമീര്‍ നായര്‍, ദീപക് സൈഗല്‍, പാ രഞ്ജിത്ത്, അദിതി ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ധ്രുവ് വിക്രം, അനുപമ പരമേശ്വരന്‍, ലാല്‍, പശുപതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തും. ചിത്രത്തിലെ ‘റെക്ക റെക്ക’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അറിവും വേടനും ചേര്‍ന്നാണ്.




