ചെന്നൈ: തമിഴ് നടനും കരാട്ടെ, അമ്പെയ്ത്ത് വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി (60) അന്തരിച്ചു. രക്താര്‍ബുദത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഹുസൈനിയുടെ ആഗ്രഹപ്രകാരം മൃതദേഹം വൈദ്യ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി വിട്ടുനല്‍കും.
‘ഹു’ എന്നറിയപ്പെട്ടിരുന്നു ഹുസൈനി രക്താര്‍ബുദത്തോടുള്ള തന്റെ പോരാട്ടത്തിന്റെ കഥകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തമിഴ്‌നാട് ആര്‍ച്ചറി അസോസിയേഷന്റെ സ്ഥാപകകനും നിലവിലെ ജനറല്‍ സെക്രട്ടറിയുമാണ്.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകനായിരുന്ന ഹുസൈനി 2015 ല്‍ അവര്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ വേണ്ടി സ്വയം കുരിശിലേറി വിവാദം സൃഷ്ടിച്ചിരുന്നു. 300 കിലോഗ്രാം ഭാരമുള്ള മരക്കുരിശില്‍ കൈകാലുകള്‍ തറയ്ക്കുകയായിരുന്നു. 2005-ല്‍, ജയലളിതയുടെ 56-ാം ജന്മദിനത്തില്‍ ഹുസൈനി സ്വന്തം രക്തം ഉപയോഗിച്ച് അവരുടെ 56 ഛായാചിത്രങ്ങള്‍ വരച്ചു. ഇത്തരം പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കണമെന്നു ജയലളിത തന്നെ അദ്ദേഹത്തെ ഉപദേശിച്ചിരുന്നു.
1986-ല്‍ നടന്‍ കമല്‍ഹാസന്റെ ‘പുന്നഗൈ മന്നന്‍’ എന്ന ചിത്രത്തിലൂടെയാണ് ഹുസൈനി അഭിനയരംഗത്തേക്കു പ്രവേശിച്ചത്. ബ്ലഡ്‌സ്‌റ്റോണ്‍, വേലൈക്കാരന്‍, ബദ്രി, ചെന്നൈ സിറ്റി ഗ്യാങ്‌സ്‌റ്റേഴ്‌സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
പ്രമുഖ കരാട്ടെ പരിശീലകനായിരുന്നു. തന്റെ വലതുകൈയിലൂടെ 101 കാറുകള്‍ ഓടിക്കാന്‍ അനുവദിച്ചും 5,000 ടൈലുകളും 1,000 ഇഷ്ടികകളും തുടര്‍ച്ചയായി പൊട്ടിച്ചും ശ്രദ്ധനേടി. ഒരിക്കല്‍ 140 ലിറ്റര്‍ പെട്രോളൊഴിച്ചു സ്വയം തീകൊളുത്തി. 1980-കളില്‍, ശ്രീലങ്കന്‍ തീവ്രവാദിയാണെന്നു വ്യാജമായി ആരോപിച്ചു ഹുസൈനിയെ പത്തു ദിവസം തിഹാര്‍ ജയിലില്‍ അടച്ചിരുന്നു.
