ദീര്‍ഘനാളായി റിലേഷനില്‍ ആയിരുന്ന പ്രമുഖ തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയും കാമുകനും നടനുമായ വിജയ് വര്‍മ്മയും ബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എല്ലാം അവസാനിപ്പിച്ചതായും വേര്‍പിരിഞ്ഞ ശേഷം ഭാവിയില്‍ നല്ല സുഹൃത്തുക്കളായി തുടരാനും തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പിങ്ക്‌വില്ല അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വേര്‍പിരിഞ്ഞിട്ടും, തമന്നയും വിജയും സുഹൃത്തുക്കളായി തുടരാന്‍ ആഗ്രഹിക്കുന്നു. ഇരുവരും മറ്റുകാര്യങ്ങളെല്ലാം അവസാനിപ്പിച്ച ശേഷം അവരുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരക്കുള്ള ഷെഡ്യൂളുകള്‍ അവരെ അകറ്റി നിര്‍ത്തുന്നതെന്നും ഇരുവരും തമ്മില്‍ മറ്റൊരു പ്രശ്‌നവുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
2023-ല്‍ ഇരുവരും ആദ്യമായി ഒന്നിച്ച ലസ്റ്റ് സ്റ്റോറീസ് 2-ന്റെ റിലീസുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധം പരസ്യമായി. തങ്ങളുടെ ബന്ധം മനപ്പൂര്‍വ്വം മറച്ചുവെക്കാതിരുന്നിട്ടും ഇരുവരും സ്വകാര്യത നിലനിര്‍ത്തുന്നതായി വിജയ് നേരത്തേ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കുന്നതിന് പലപ്പോഴും വലിയ പ്രയത്‌നം ആവശ്യമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി,
നേരത്തെ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ തമന്ന ഭാട്ടിയയും വിജയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. അവരുടെ ബന്ധം സ്വാഭാവികമായി രൂപപ്പെട്ടതാണെന്ന് നടി പറഞ്ഞു. തന്റെ സന്തോഷത്തിന്റെ ഉറവിടമെന്നും താന്‍ വളരെയധികം വിലമതിക്കുന്ന ആളാണെന്നുമായിരുന്നു തമന്ന വിജയ് യെ വിശേഷിപ്പിച്ചത്.
രണ്ട് അഭിനേതാക്കളും അവരുടെ കരിയറിന്റെ ഉന്നതിയില്‍ തുടരുകയാണ്. തമന്ന ഭാട്ടിയ അവസാനമായി അഭിനയിച്ചത് ‘സ്ത്രീ 2’ എന്ന ചിത്രത്തിലാണ്. സിനിമകളിലും ഒടിടി പരമ്പരകളിലൂടെയും വിജയ് യ്ക്കും തിരക്ക് തുടരുകയാണ്.