ക്ഷിണ അഫ്‌ഗാനിസ്‌ഥാനില്‍ 6 വയസുള്ള പെണ്‍കുട്ടിയെ 45 വയസുള്ള ഒരു പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാക്കിയെന്ന് ആരോപണം. യു.എസ്. ആസ്‌ഥാനമായുള്ള അഫ്‌ഗാന്‍ മാധ്യമമായ അമു.ടിവിയുടെ റിപ്പോര്‍ട്ട് പ്രകാരം, മര്‍ജാ ജില്ലയിലാണ് വിചിത്ര വിവാഹം നടന്നത്. രണ്ട് ഭാര്യമാരുള്ള ‘നവവരന്‍’ കുട്ടിയുടെ കുടുംബത്തിനു വിവാഹത്തിനായി പണം നല്‍കിയതായി ആരോപിക്കപ്പെടുന്നു.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ താലിബാന്‍ ഭരണകൂടം ഇടപെടുകയും ‘വധുവിനെ’ ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നത് തടയുകയും ചെയ്‌തു. കുട്ടിക്ക് ഒമ്പത് വയസ് തികയുന്നതുവരെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയക്കരുതെന്നും ഉത്തരവിട്ടു!. പ്രാദേശിക താലിബാന്‍ അധികൃതര്‍ സംഭവത്തെക്കുറിച്ച് പ്രസ്‌താവനയൊന്നും ഇറക്കിയിട്ടില്ല. പക്ഷേ പെണ്‍കുട്ടിയെ പുരുഷന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നത് അവര്‍ തടഞ്ഞിട്ടുണ്ട്. ഔപചാരിക കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെങ്കിലും പെണ്‍കുട്ടിയുടെ പിതാവിനെയും ‘വരനെയും’ മര്‍ജാ ജില്ലയില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെണ്‍കുട്ടി നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്.
പെണ്‍കുട്ടിയുടെ ശാരീരിക രൂപം, വിദ്യാഭ്യാസം, പ്രത്യക്ഷ മൂല്യം എന്നിവയെ അടിസ്‌ഥാനമാക്കി വധുവിന്റെ ‘വില’ നിശ്‌ചയിക്കുന്ന വാല്‍വാര്‍ എന്ന പരമ്പരാഗത രീതിയാണു വിവാഹ ആലോചനയില്‍ ഉള്‍പ്പെട്ടിരുന്നത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സാമൂഹിക മാധ്യമ ഉപയോക്‌താക്കള്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്‌തു. പെണ്‍കുട്ടിയോടൊപ്പം പുരുഷനെ ചിത്രീകരിക്കുന്ന ചടങ്ങില്‍നിന്നുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും മനുഷ്യാവകാശ വക്‌താക്കള്‍ക്കിടയിലും ശക്‌തമായ പ്രതിഷേധത്തിനാണ് വഴിവച്ചത്.




