Oddly News

അഫ്ഗാനോട് കളിക്കരുത്; അമേരിക്ക പറഞ്ഞുതരും! ഇന്ത്യയെ പുകഴ്ത്തി താലിബാന്‍ മന്ത്രി; പാകിസ്താന് താക്കീത്

ഇന്ത്യയെ പുകഴ്ത്തിയും പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. ഭീകരരെ തുടച്ചുനീക്കി സമാധാനത്തിന്റെ പാത പിന്തുടരാന്‍ താലിബാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി പാകിസ്താനോട് ആഹ്വാനം ചെയ്തു.

അഫ്ഗാനികളുടെ ധീരത പരീക്ഷിക്കരുതെന്നും മുത്തഖി പാകിസ്താനു മുന്നറിയിപ്പ് നല്‍കി. അഫ്ഗാനില്‍ പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോവിയറ്റ് യൂണിയനോടും അമേരിക്കയോടും നാറ്റോയോടും ചോദിച്ചാല്‍ മതി. അഫ്ഗാനോട് കളിക്കുന്നതു നല്ലതിനല്ലെന്ന് അവര്‍ പറഞ്ഞുതരും. പാകിസ്താനുമായി നല്ല ബന്ധമാണ് അഫ്ഗാന്‍ ആഗ്രഹിക്കുന്നത്. അതുപക്ഷേ, ഒരുവശത്തേക്കു മാത്രമായി നടപ്പില്ല- മുത്തഖി ഓര്‍മിപ്പിച്ചു.

കാബൂളില്‍ അടുത്തിടെ നടന്ന സ്ഫോടനത്തിനു പിന്നില്‍ പാകിസ്താനാണെന്നു മുത്തഖി പത്രസമ്മേളനത്തില്‍ ആരോപിച്ചു. പാകിസ്താന്റെ ഈ നടപടി ശരിയല്ല. പ്രശ്നങ്ങള്‍ ഇങ്ങനെ പരിഹരിക്കാനാവില്ല. ഞങ്ങള്‍ ചര്‍ച്ചകള്‍ക്കു തയാറാണ്. പാകിസ്താന്‍ ആദ്യം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെ. അഫ്ഗാനിസ്ഥാനില്‍ 40 വര്‍ഷത്തിനുശേഷം ഇപ്പോള്‍ സമാധാനവും പുരോഗതിയുമുണ്ട്. അവിടെ ആര്‍ക്കും ഒരു പ്രശ്നവുമില്ല. അഫ്ഗാന്‍ ഇപ്പോള്‍ ഒരു സ്വതന്ത്രരാഷ്ട്രമാണ്. സമാധാനമുണ്ടെങ്കില്‍ ജനങ്ങള്‍ക്കു പ്രശ്നമുണ്ടാകേണ്ട കാര്യമില്ലല്ലോ?- മുത്തഖി പറഞ്ഞു.

ലഷ്കറെ തോയ്ബയും ജയ്ഷെ മുഹമ്മദും പോലുള്ള ഭീകരസംഘടനകള്‍ ദീര്‍ഘകാലം അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും എന്നാല്‍, കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് അവരെയെല്ലാം താലിബാന്‍ ഭരണകൂടം തുടച്ചുനീക്കിയെന്നും മുത്തഖി അവകാശപ്പെട്ടു. അവരില്‍ ഒരാള്‍പോലും ഇന്ന് അഫ്ഗാനില്‍ ഇല്ല. അഫ്ഗാനിലെ ഒരിഞ്ച് മണ്ണ് പോലും അവരുടെ നിയന്ത്രണത്തിലില്ല. 2021-ല്‍ ഞങ്ങള്‍ സൈനികനടപടികള്‍ നടത്തിയിരുന്ന അഫ്ഗാനിസ്ഥാന്‍ ഇന്ന് ഏറെ മാറിയിരിക്കുന്നു. സമാധാനത്തിനായി അഫ്ഗാന്‍ ചെയ്തതുപോലെ മറ്റ് രാജ്യങ്ങളും ഇത്തരം ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കണം- പാകിസ്താനുള്ള സന്ദേശമായി മുത്തഖി പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും ഭരണത്തിലെത്തിയശേഷം ആദ്യമായാണ് അവിടെനിന്നുള്ള ഒരു നേതാവ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. താലിബാന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കാതിരുന്ന ഇന്ത്യ അഫ്ഗാനുമായി വീണ്ടും പൂര്‍ണതോതില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് മുത്തഖിയുടെ സന്ദര്‍ശനം. അഫ്ഗാനില്‍ കഴിഞ്ഞ ഓഗസ്റ്റ് 31-നക്ക ഭൂകമ്പമുണ്ടായപ്പോള്‍ ആദ്യം സഹായവുമായെത്തിയത് ഇന്ത്യയാണെന്നു മുത്തഖി പറഞ്ഞു.