Hollywood

അനശ്വരസൗന്ദര്യം വീണ്ടും അഭ്രപാളിയിലേയ്ക്ക് ! സ്ത്രീസൗന്ദര്യത്തിന്റെ പര്യായം ക്ലിയോപാട്ര

ക്ലിയോപാട്രയെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ചരിത്രത്തില്‍ സ്ത്രീസൗന്ദര്യത്തിന്റെ പര്യായമായാണ് പലരും ഈജിപ്ഷ്യന്‍ റാണിയെ വര്‍ണിക്കാറ്. ക്ലിയോപാട്രയുടെ കഥ പല സിനിമകള്‍ക്കും പ്രമേയമായിട്ടുണ്ട്. ഇപ്പോളിതാ ഈ കഥയെ അടിസ്ഥാനപ്പെടുത്തികൊണ്ട് ഒരു സിനിമ അങ്ങ് ഹോളിവുഡില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. വണ്ടര്‍വുമണ്‍ സിനിമകളിലൂടെ ശ്രദ്ധേയയായ നായിക ഗാല്‍ ഗഡോട്ടായിരിക്കും ക്ലിയോപാട്രയായി പ്രേക്ഷകരുടെ മുന്നിലെത്തുക.

അലക്സാണ്ടറുടെ മരണം സംഭവിച്ച ബിസി 32 മുതല്‍ റോമിന്റെ ഈജിപ്ത് പിടിച്ചടക്കല്‍ നടന്ന ബിസി 30 വരെയുള്ള കാലയളവില്‍ ഗ്രീസില്‍ വേരുകളുള്ള മാസിഡോമിയന്‍ രാജവംശമാണ് ഈജിപ്ത് ഭരിച്ചത്. ഈ രാജവംശത്തില്‍ ടോളമി പന്ത്രണ്ടാമന്റെ പുത്രിയായിരുന്നു ക്ലിയോപാട്ര. സഹോദരനായ ടോളമി പതിമൂന്നാമനുമായി രാജ്യാധികാരത്തിനായി അവര്‍ യുദ്ധം ചെയ്തിരുന്നു.
അക്കാലത്ത് ഈജിപ്ത്തിലെ പ്രമുഖ ജനറലും വിശ്വവിഖ്യാത ഭരണാധികാരിയുമായ ജൂലിയസ് സീസറുമായി സ്‌നേഹത്തിലായിരുന്നു ക്ലിയോപാട്ര. ഈജിപ്തില്‍ അധികാരം വീണ്ടുമുറപ്പിക്കാനായി സീസര്‍ ക്ലിയോപാട്രയ്ക്ക് പിന്തുണ നല്‍കി. ജൂലിയസ് സീസര്‍ കൊല്ലപ്പെടുന്ന സമയത്ത് ക്ലിയോപാട്ര റോമിലുണ്ടായിരുന്നു.

സീസറിന്റെ മരണശേഷം റോമിന്റെ അധികാരിയായ മാർക് ആന്റണിയെ ക്ലിയോപാട്ര വിവാഹം ചെയ്തു. അതേ സമയം മാര്‍ക്ക് ആന്റണിയുടെ അനന്തരവനായ ഒക്ടോവിയനുമായുള്ള യുദ്ധങ്ങള്‍ മാര്‍ക്ക് ആന്റണിയുടെ അധികാരം കുറച്ചുകൊണ്ടുവന്നു. ഒടുവില്‍ ആക്ടിയം കടല്‍യുദ്ധത്തില്‍ മാര്‍ക് ആന്റണിയുടെ പട ഒക്ടേവിയനു മുന്നില്‍ പരാജയപ്പെട്ടു. പിന്നീട് ക്ലിയോ പാട്രയുടെ രാജധാനിയായ അലക്‌സാന്‍ഡ്രിയ നഗരവും ഒക്ടേവിയന്‍ അധീനതയിലാക്കി.തുടര്‍ന്ന് മാര്‍ക്ക് ആന്റണി ആത്മഹത്യ ചെയ്യുകയും ക്ലിയോപാട്ര പിന്നീട് ഇതേ രീതിയില്‍ മരിക്കുകയും ആയിരുന്നു.

രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ഒരുമിച്ച് അടക്കം ചെയ്‌തെന്നാണ് പ്ലുട്ടാര്‍ക്കിനെപോലുള്ള ചരിത്രകാരന്മാര്‍ പറയുന്നത്. ഇതുവരെ ക്ലിയോപാട്രയുടെ കല്ലറ കണ്ടെത്താനായി സാധിച്ചിട്ടില്ല.

അലക്‌സാന്‍ഡ്രിയ നഗരത്തിലെവിടെയോ അല്ലെങ്കില്‍ കടലിനടിയിലോ ആകാം ഈ കല്ലറയെന്നാണ് കരുതപ്പെട്ടിരുന്നത്. തപോസിരിസ് മാഗ്നയിലാകാനുള്ള സാധ്യതയും ചരിത്രകാരന്‍മാര്‍ പങ്കുവച്ചിരുന്നു.