ദുബായ്: ഇന്ത്യാ പാകിസ്താന് നയതന്ത്ര ബന്ധങ്ങള്‍ വഷളായ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും പ്രധാന ടീമുകളായി വരുന്ന ഏഷ്യാക്കപ്പ് ക്രിക്കറ്റിനെയും പ്രശ്നങ്ങള്‍ ബാധിക്കുകയാണ്. ഇന്ത്യാ പാക് മത്സരത്തിന് പിന്നാലെ ഇരു നായകന്മാരും കൈ കൊടുക്കാതെ പിരിഞ്ഞ സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ഏഷ്യാ കപ്പ് നേടുകയാണെങ്കില്‍ പാകിസ്ഥാന് മന്ത്രി മൊഹ്സിന്‍ നഖ്വിയില് നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ സി സി) ചെയര്മാന് കൂടിയാണ് മൊഹ്സിന്‍ നഖ്വി. മാത്രമല്ല, പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ കൂടിയാണ്.
ഇക്കാര്യം ഇന്ത്യന്‍ നായകന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിക്കുകയും ചെയ്തു. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ടൂര്‍ണമെന്റിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഞായറാഴ്ച ഇന്ത്യയും പാകിസ്താനും തമ്മി ലുണ്ടായ ‘കൈ കൊടുക്കാത്ത’ സംഭവം ഒരു വലിയ നയതന്ത്ര പ്രശ്നമായി മാറിയിരുന്നു. ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് നേരത്തേ പാകിസ്താന് ഭീഷണിപ്പെടുത്തിയിരുന്നു.
നേരത്തേ ഇന്ത്യാ പാക് മത്സരത്തിലെ മാച്ച്റഫറി പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പിസിബി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്താന് – യുഎഇ മത്സരത്തിന്റെ ചുമതല റിച്ചി റിച്ചാര്‍ഡ്സണിന് നല്കാന് ഐസിസി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ശേഷിക്കുന്ന മത്സരങ്ങളില്‍ പൈക്രോഫ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. നിലവില്‍ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. മോഹ്സിന്‍ നഖ്വി ഒരു പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്രതീക്ഷിതമായി കളിക്കളത്തില്‍ വെച്ച് ‘കൈ കൊടുക്കാത്ത’ തീരുമാനമെ ടുത്തതില്‍ നഖ്വി അതൃപ്തനാണെന്ന് സൂചനയുണ്ട്. അതിനിടയില്‍ മത്സരശേഷം നടന്ന ചടങ്ങില്‍ പാകിസ്താന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്മാന് അലി ആഗ പങ്കെടുത്തിരുന്നില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാകിസ്താന് കളിക്കാരുമായി കൈ കൊടുക്കാതെ മൈതാനം വിട്ടുപോയതു കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് പൊതുവെ കരുതിയത്. എന്നാല്‍, മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറാണ് ചടങ്ങ് നടത്തുന്നതിനാലാണ് പാക് നായകന് പങ്കെടുക്കാത്തത് എന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന് ഷാ അഫ്രീദി വന്ന് തന്റെ അവാര്‍ഡ് സ്വീകരിച്ചിരുന്നു.




