2022-23 ലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ജൂൺ 7 ന് പുറത്തിറക്കിയ സർവേ പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും മുട്ട, മത്സ്യം, മാംസം എന്നിവയുൾപ്പെടെയുള്ള നോൺ-വെജിറ്റേറിയൻ ഭക്ഷണ ഉപഭോഗത്തിൽ കേരളം ഒന്നാമത്. ഗാർഹിക ഉപഭോഗച്ചെലവ് കാണിക്കുന്നത് കേരളത്തിലെ ഗ്രാമങ്ങളിലെ ജനങ്ങൾ അവരുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം നോൺ-വെജിറ്റേറിയൻ ഇനങ്ങൾക്കായി നീക്കിവെക്കുമ്പോൾ നഗരവാസികൾ 19.8 ശതമാനം ചെലവഴിക്കുന്നു, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
നോൺ-വെജിറ്റേറിയൻ ഭക്ഷണ ഉപഭോഗത്തിൽ കേരളത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള അസമിലെ ഗ്രാമവാസികള്‍ മൊത്തം ഭക്ഷണച്ചെലവിന്റെ 20 ശതമാനം മുട്ട, മത്സ്യം, മാംസം എന്നിവയ്ക്കായി ചെലവഴിച്ചു. അതേസമയം, അസം നഗരപ്രദേശങ്ങൾ തങ്ങളുടെ ഭക്ഷണ ബജറ്റിന്റെ 17 ശതമാനമാണ് നോൺ വെജിറ്റേറിയൻ ഭക്ഷണത്തിനായി ചെലവഴിച്ചത്. ആന്ധ്രാപ്രദേശിൽ ഗ്രാമപ്രദേശങ്ങളിൽ 14.8 ശതമാനവും നഗരങ്ങളിൽ 11.9 ശതമാനവുമാണന്ന് കണക്കുകൾ. തെലങ്കാനയിൽ ഗ്രാമീണര്‍ നോൺ വെജിറ്റേറിയൻ ഭക്ഷണച്ചെലവ് 15.8 ശതമാനവും നഗരങ്ങളിൽ 11.9 ശതമാനവുമാണ്. പശ്ചിമ ബംഗാളിലെ ഗ്രാമീണ, നഗരവാസികൾ അവരുടെ ഭക്ഷണ ബജറ്റിൻ്റെ 18.9 ശതമാനം നോൺ വെജിറ്റേറിയൻ ഇനങ്ങൾക്കായി ചെലവഴിക്കുന്നു.
ആന്ധ്രാപ്രദേശ്, ആസാം, പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സസ്യേതര ഭക്ഷണത്തിനുള്ള മുൻഗണനയാണ് സർവേ എടുത്തുകാണിക്കുന്നത്.