Movie News

പ്രായം കുറയ്ക്കാന്‍ സൂപ്പര്‍താരങ്ങളുടെ മത്സരം ; സുധാ കൊങ്കരയുടെ സിനിമയില്‍ സൂര്യയും കോളേജ് വിദ്യാര്‍ത്ഥിയാകുന്നു

സുരറൈ പോട്ര് സിനിമയ്ക്ക് പിന്നാലെ സുധാ കൊങ്കര തമിഴ്‌സൂപ്പര്‍താരം സൂര്യയുമായി വീണ്ടും ഒന്നിക്കുന്ന സിനിമയില്‍ സൂപ്പര്‍താരം കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ‘സൂര്യ 43’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ താരത്തിന്റെ ലുക്ക് കോളേജ് ബോയിയിലേക്ക് മാറ്റുമെന്നാണ് സൂചന. സിനിമയില്‍ ദുല്‍ഖറും നസ്രിയയും അഭിനയിക്കുന്നുണ്ട്.

1967 ലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. സിനിമയില്‍ ഒരു യുവ വിപ്ലവകാരിയായിട്ടാണ് സൂര്യയെത്തുന്നത്. സിനിമ 2024 ന്റെ ആദ്യം ഷൂട്ടിംഗ് ആരംഭിക്കും. ജി.വി. പ്രകാശാണ് സിനിമയ്ക്ക് സംഗീതംനല്‍കുന്നത്. നിലവില്‍ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിലാണ് സൂര്യ അഭിനയിച്ചു വരുന്നത്. വ്യത്യസ്തമായ ലുക്കിലും വേഷത്തിലും എപ്പോഴും ആവേശം കൊള്ളാറുള്ള സൂര്യ വീണ്ടും അമ്പരപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം സൂപ്പര്‍താരം വിജയ് യും പുതിയ സിനിമയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയൂടെ വേഷത്തില്‍ എത്തുന്നുണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ടൈം ട്രാവല്‍ ചിത്രത്തില്‍ വിജയ് യുടെ വ്യത്യസ്ത ലുക്ക് കാണാമെന്നാണ് വിവരം. ഡീ ഏജിംഗ് ടെക്‌നോളജി ഈ സിനിമയ്ക്കായി ഉപയോഗിക്കുന്നതായിട്ടാണ് വിവരം. വിജയ്ക്കും സൂര്യയ്ക്കും പിന്നാലെ തമിഴ് യുവനടന്‍ ശിവ കാര്‍ത്തികേയനും പുതിയസിനിമയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.