തൊഴില്‍രംഗത്തെ സമത്വം എപ്പോഴും വന്‍ ചര്‍ച്ചയാണെങ്കിലും അത് ഇല്ലാത്ത കാര്യത്തിന് പേരുകേട്ട ഇടമാണ് സിനിമ. സാധാരണയായി നായകന്മാരുടെ പ്രതിഫലം കോടികളാണെങ്കിലും നടിമാരുടെ ശമ്പളം കുറവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പതിവ് തെറ്റിച്ച് നടന്മാരില്‍ ഒരാളാണ് സൂര്യ.
മുമ്പൊരിക്കല്‍ തനിക്കൊപ്പം സിനിമയില്‍ വേഷമിട്ട മുതിര്‍ന്ന നടിക്ക് അദ്ദേഹം ഒരു കോടിരൂപ പ്രതിഫലം വാങ്ങിക്കൊടുത്തത് തമിഴ്‌സിനിമയില്‍ വലിയ ചര്‍ച്ചയായിരുന്നു. സൂര്യ നായകനായ ആദവന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത നടി സരോജ ദേവിക്ക് ഒരു കോടി രൂപ നല്കാന്‍ താരം ചിത്രത്തിന്റെ നിര്‍മാതാവ് ഉദയനിധിയോട് ആവശ്യപ്പെട്ടിരുന്നു. തന്റെ ശമ്പളം വെട്ടിക്കുറച്ച് അതില്‍ നിന്നും തുക എടുക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
സൂര്യ ആവശ്യപ്പെട്ട പ്രകാരം ‘ആദവന്‍’ എന്ന ചിത്രത്തിനായി ഉദയനിധി സരോജ ദേവിക്ക് ഒരു കോടി രൂപ നല്‍കി. എന്നാല്‍ സൂര്യയുടെ ശമ്പളത്തില്‍ അദ്ദേഹം കൈവച്ചില്ല. ആദവനില്‍ പ്രായമായെങ്കിലും മുഖഭാവങ്ങളും പ്രകടനങ്ങളും കൊണ്ട് സരോജ ദേവി ചിത്രത്തില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.
മുമ്പ് താന്‍ അഭിനയിച്ച പടയപ്പയില്‍ അഭിനയിച്ച ശിവാജി ഗണേശന് ഒരു കോടി രൂപ പ്രതിഫലം നല്കാന്‍ രജനി ആവശ്യപ്പെട്ടതും ചര്‍ച്ചയായിരുന്നു. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പയില്‍ കുറച്ച് സീനുകളില്‍ മാത്രമേ ശിവാജി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രജനിയുടെ ആവശ്യം മാനിച്ച് ശിവാജി ഗണേശന് ഒരുകോടി രൂപ നല്‍കുകയും ചെയ്തിരുന്നു.