Movie News

‘കൂലി’ക്കായി രജനി വാങ്ങിയത് 150 കോടി ; ലോകേഷ് കനകരാജ് 50 കോടി രൂപ വാങ്ങി

കൈദിയും വിക്രവും ലിയോയുമൊക്കെ വന്‍ വിജയം നേടിയതിന് പിന്നാലെ അതേ ട്രാക്കില്‍ വരുന്ന ലോകേഷ് കനകരാജിന്റെ രജനികാന്ത് ചിത്രത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് 14ന് കൂലി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിനായി സംവിധായകനും നടനും വന്‍തുക പ്രതിഫലം വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്.

രജനികാന്ത് 150 കോടി രൂപ മുന്‍കൂറായി വാങ്ങിയതായും ലോകേഷിന് 50 കോടി രൂപ പ്രതിഫലം ലഭിച്ചതായും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. 350 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അവകാശപ്പെടുന്നു. ലോകേഷ് കനകരാജിന് 50 കോടിയുടെ പേ-ചെക്കാണ് കിട്ടിയത്. ഇത് ഒരു സംവിധായകന്റെ പ്രതിഫല കാര്യത്തില്‍ എക്കാലത്തെയും റെക്കോര്‍ഡാണെന്നും പിങ്ക് വില്ല പറയുന്നു.

മറ്റ് താരങ്ങള്‍ക്കും മറ്റുമായി മറ്റൊരു 150 കോടി കൂടി സിനിമയുടെ അണിയറക്കാര്‍ക്ക് ചെലവഴിച്ചു. പ്രിന്റും പബ്ലിസിറ്റിയും ഒഴികെയുള്ള കൂലിയുടെ മൊത്തം ബജറ്റ് 350 കോടിയാണ്. പ്രിന്റിനും പബ്ലിസിറ്റിക്കുമായി നീക്കിവെച്ച 25 കോടി രൂപ കൂടി ചേര്‍ക്കുമ്പോള്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന്റെ മൊത്തം ബജറ്റ് 375 കോടിയായി ഉയര്‍ത്തിയതായും പ്രസിദ്ധീകരണം അവകാശപ്പെട്ടു.

ലോകേഷ് സംവിധാനം ചെയ്ത് കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച കൂലിയില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍, ജൂനിയര്‍ എംജിആര്‍, മോനിഷ ബ്ലെസി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 2023ല്‍ പ്രഖ്യാപിച്ചതിന് ശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ ആമിര്‍ ഖാന്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.