Featured Movie News

അമിതാഭും രജനിയും; 37 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നു

ജയിലറുടെ വന്‍ വിജയത്തിന് ശേഷം ജെയ് ഭീം ഒരുക്കിയ ടി.ജെ ജ്ഞാനവേലിന്റെ സിനിമയില്‍ അഭിനയിക്കുന്ന തിരക്കിലാണ് സൂപ്പര്‍താരം രജനീകാന്ത്. സിനിമയുടെ അടുത്തഘട്ട ചിത്രീകരണം മുംബൈയില്‍ അടുത്ത ദിവസം മുതല്‍ തുടങ്ങാനിരിക്കെ ഇനി വരാന്‍ പോകുന്നത് സൂപ്പര്‍താരങ്ങളുടെ സംഗമം. ബോളിവുഡിലെ മുതിര്‍ന്ന സൂപ്പര്‍താരവും തമിഴിലെ സൂപ്പര്‍താരവും ഇവിടെ ഒന്നിക്കും.

ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചനും മുംബൈയില്‍ ടീമിനൊപ്പം ചേരും. 37 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ‘തലൈവര്‍ 170’ എന്ന് പേരിട്ടിരിക്കുന്ന സിനിമാസെറ്റില്‍ രണ്ട് ഇതിഹാസ ഇന്ത്യന്‍ താരങ്ങളുടെ ഒരുമിക്കലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചെറിയ ഷെഡ്യൂളായിരിക്കും ഇതെന്നാണ് വിവരം. 1991 ല്‍ പുറത്തുവന്ന ബോളിവുഡ് സിനിമ ‘ഹമ്മി’ ലാണ് ഇതിന് മുമ്പ് രജനിയും അമിതാഭും ഒന്നിച്ചത്.

ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടിജെ ജ്ഞാനവേല്‍ ‘തലൈവര്‍ 170’ ഒരുക്കുന്നത്. രജനീകാന്ത് ഒരു പോലീസ് വേഷം അവതരിപ്പിക്കുമെന്ന് പറയപ്പെടുന്ന സിനിമ വ്യാജ ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ച് ശക്തമായ സാമൂഹിക സന്ദേശം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. രജനികാന്തിനൊപ്പം ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, രക്ഷന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.

അതേസമയം കഴിഞ്ഞ ദിവസം രജനീകാന്ത് വിജയ് നായകനായ ലിയോ കണ്ടിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ ‘തലൈവര്‍ 170’ന് ശേഷം ‘തലൈവര്‍ 171’ന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ, രജനികാന്തിനെ നായകനാക്കി ‘ലിയോ’യുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.