ലോകം മുഴുവനും സൂപ്പർഹിറ്റായിരിക്കുകയാണ് സുനിതാ വില്യംസിന്റെ ഇഷ്ടഭക്ഷണമായ സമൂസ എന്ന പലഹാരം. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബഹിരാകാശയാത്ര നടത്തിയ ആദ്യ ഏഷ്യൻ ഭക്ഷണവുമാണ് സമൂസ. ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോയ സമൂസ മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രെഷായി ഇരിക്കില്ലെങ്കിലും, ഫഡ് വാമര്‍ ഉപയോഗിച്ച് സമൂസയെ വീണ്ടും ചൂടാക്കി ഉപയോഗിക്കാം.
തന്റെ രണ്ടാം ബഹിരകാശ യാത്രയ്ക്കുശേഷം ഇന്ത്യ സന്ദര്‍ശിച്ച സമയത്താണ്സമൂസയോടുള്ള പ്രിയം അവര്‍ തുറന്നു പറഞ്ഞത്. ആ യാത്രയില്‍ അവർ ഒരു പാക്കറ്റ് സമൂസ കൂടി കൊണ്ടുപോയിരുന്നു, അപ്പോള്‍പിന്നെ ബഹിരാകാശത്ത് പോയ ‘ഗമ’യില്ലാതിരിക്കുമോ സമൂസയ്ക്ക്?
സുനിതയ്ക്കു മാത്രമല്ല, ഉത്തരേന്ത്യക്കാര്‍ക്കും, മലയാളിക്കുമെല്ലാം ഇഷ്ടപ്പെട്ട നാലുമണി പലഹാരങ്ങളിലൊന്നാണ് സമൂസ . എന്നാല്‍ സമൂസയുടെ ജന്മനാട് എവിടെയാണെന്ന് അറിയാമോ ? ഈജിപ്തിൽ നിന്നാണ് സമൂസകൾ വന്നത്, മുമ്പ് സംസ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. പേര്‍ഷ്യന്‍ വാക്കായ സാന്‍ബോസാഗില്‍ നിന്നാണ് സമൂസയ്ക്ക് ആ പേര് ലഭിച്ചതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
അറബ് രാജ്യങ്ങളിലാവട്ടെ സാന്‍ബുസാഗ്, അഫ്ഗാനിലെ സംബൂസ, പോര്‍ചുഗലിലെ ചംബൂക എന്നിങ്ങനെയാണ് സമോസയ്ക്ക് പേര്. ചരിത്രകാരന്മാര്‍ പറയുന്നത് സമൂസയുടെ നാട് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലാണെന്നാണ്. എന്നാല്‍ ഇറാനിലാണ് സമൂസ പിറവി കൊണ്ടതെന്നും ഒരു വിഭാഗം വാദിക്കുന്നു.
അറേബ്യന്‍ നാടുകളില്‍ നിന്നും എത്തിയ കച്ചവടക്കാരാണ് അഫ്ഗാനിസ്ഥാനിലും ഇന്ത്യയിലുമൊക്കെ സമൂസയെത്തിച്ചതെന്നാണ് വിശ്വസിക്കുന്നത്.10ാം നൂറ്റാണ്ടിലെ പ്രശസ്ത ഇറാനിയന്‍ ചിന്തകനായ അബുല്‍ഫസല്‍ ബെയ്ഹാഖിയാണ് തന്റെ താരിഖ് ഇ ബെയ്ഹാഖി എന്ന പുസ്തകത്തില്‍ സമൂസയെ പറ്റി ആദ്യമായി വിവരിച്ചത്.
1300 നോട് അടുപ്പിച്ച് എഴുതിയ ചില രേഖകളില്‍ കൊട്ടാരത്തിലെ രാജകുമാരന്‍മാരുടെ ഇഷ്ടഭക്ഷണമായിരുന്നു സമൂസയെന്ന് എഴുതിയിരുന്നു. അതായത് 10ാം നൂറ്റാണ്ടിനും 14 ാംനൂറ്റാണ്ടിനും ഇടയിലാണ് സമൂസ ഇന്ത്യയിലെത്തിയത്. ഇബ്‌നു ബതൂത തുഗ്ലക്കിലെ കൊട്ടാരത്തിലെ സദ്യയില്‍ സമൂസ വിളമ്പിയതായി വിവരിക്കുന്നു. 16 ാം നൂറ്റാണ്ടിലെ ഐന്‍ ഇ അക്ബാരിയിലും സമൂസയെ പറ്റി പറയുന്നു.
രുചികരമായ ചിക്കന്‍ സമൂസ ഉണ്ടാക്കാനായി എല്ലില്ലാത്ത ചെറിയ ചിക്കന്‍ കഷണങ്ങള്‍, മുളക് പൊടി, ഉപ്പ്, നാരാങ്ങ നീര്, ഇഞ്ചി വെളുത്തുള്ളി പുരട്ടി അര മണിക്കൂര്‍ വെക്കണം. പിന്നീട് വെള്ളമൊഴിച്ച് ചിക്കന്‍ കഷണങ്ങള്‍ ചെറു തീയില്‍ വേവിച്ച് വറ്റിച്ചെടുക്കണം. തണുത്തതിന് ശേഷം മിക്‌സിയില്‍ അടിച്ചെടുക്കണം.
പിന്നീട് സവാള വേറൊരു ചട്ടിയില്‍ വഴറ്റി ഇതില്‍ ചിക്കന്‍ കൂട്ടും പുഴുങ്ങിയ ഉരുളകിഴങ്ങ് പൊടിച്ചതും മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത വഴറ്റി വാങ്ങുക. സമൂസയ്ക്കുള്ളില്‍ വയ്ക്കാനുള്ള ഫില്ലിങ് റെഡി.
പിന്നീട് കവറിലുള്ള മൈദ എണ്ണയും ഉപ്പുും എള്ളുമിട്ട് പൂരി പരുവത്തില്‍ കുഴച്ച് ചെറിയ ഉരുളകളാക്കി ചപ്പാത്തി പലകയില്‍ പരത്തുക. ഒരു പാതിയെടുത്ത് കോണ്‍ രൂപത്തില്‍ മടക്കി ഫില്ലിങ് നിറച്ച് ഒട്ടിക്കണം. പിന്നീട് ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് തിളയ്ക്കുമ്പോള്‍ വറുത്ത് കോരാവുന്നതാണ്.