സമുദ്രത്തില്‍ വിലമതിക്കാനാവാത്ത എത്രയോ വസ്തുക്കളുണ്ട്. ഈ പ്രത്യേകയിനം മീന്‍ അതില്‍ ഒന്നാണ്. ബ്ലാക്ക് പോട്ടഡ് ക്രക്കര്‍ എന്ന അപൂര്‍വ മത്സ്യമാണത്. രുചിയോ വലിപ്പമോ അപൂര്‍വതയോ മാത്രമല്ല ഈ വിലയുടെ കാരണം. വൈദ്യശാസ്ത്രത്തിലെ അതിന്റെ ഉപയോഗമാണ് വലിയ വിലയ്ക്ക് കാരണമാകുന്നത്. ഈ മീനിന് യൂറോപ്പിലും ചൈനയിലുമൊക്കെ വലിയ ഡിമാന്‍ഡാണ്. എന്നാല്‍ ഇതിനെ പിടിക്കുന്നതാവട്ടെ വളരെ വലിയ ഒരു ദൗത്യമാണ്.
ക്രോക്കർ എന്ന പേരുള്ള പല മീന്‍ ഇനങ്ങളുണ്ട്. ഇതിൽ വലുപ്പം കൊണ്ട് ശ്രദ്ധേയനാണ് ബ്ലാക്ക് സ്പോട്ട് ക്രക്കര്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഘോല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്‍ഡോ പസിഫിക് മേഖലയില്‍ ആവാസമുറപ്പിച്ചിരിക്കുന്ന ഈ മത്സ്യത്തെ വര്‍ഷങ്ങള്‍ മുന്‍പ് മഹാരാഷ്ട്രയിലെ രണ്ട് മത്സ്യബന്ധനത്തൊഴിലാളികള്‍ പിടിച്ചത് വാര്‍ത്തയായിരുന്നു.
മീനിന്റെ വലുപ്പം കൂടുന്നതിനോടൊപ്പം തന്നെ വിലയും ഉയരും. ഇതിന്റെ ബ്ലാഡര്‍ ഉണക്കിയെടുത്താല്‍ കിലോയ്ക്ക് 50000 രൂപ മുതല്‍ ലക്ഷങ്ങള്‍ വില വരും. വലുപ്പം കൂടിയ മീനിന്റെ ബ്ലാഡറിന് വില കൂടും. ബ്ലാക്ക് സ്പോട്ടഡ് ക്രോക്കറുകളുടെ ഹൃദയത്തിനെ കടല്‍സ്വര്‍ണം എന്നാണ് വിശേഷിപ്പിക്കുന്നത്. വൈൻ, ബീയർ വ്യവസായത്തിൽ ഉത്പന്നനിലവാരം കൂട്ടാനും ഇതുപയോഗിക്കുന്നുണ്ട്.
വലിയ അളവില്‍ കൊളാജന്‍ അടങ്ങിയിരിക്കുന്ന ഇതിന്റെ തൊലി സൗന്ദര്യവസ്തുക്കളിലും ഉപയോഗിക്കും. സിംഗപൂര്‍, ചൈന പോലുള്ള രാജ്യങ്ങളില്‍ വിലയേറിയ സൂപ്പുകളും ഇതുപയോഗിച്ച് തയാറാക്കുന്നു. ഏഷ്യയില്‍ ചിലയിടങ്ങളില്‍ പരമ്പരാഗത ചികിൽസാരീതിയിലുള്ള ഔഷധക്കൂട്ടുകളിൽ പ്രധാനപ്പെട്ട ഘടകമാണ് ഇത്. എന്നാല്‍ ഇതിന്റെ മാംസത്തിനു മാത്രമായി വലിയ വിലയൊന്നുമില്ല.