Good News

സര്‍ക്കാര്‍ ജോലി ലഭിച്ചില്ല, പരിഹാസത്തില്‍ തളര്‍ന്നില്ല, യുവാവ് ഇപ്പോള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

കൂട്ടുകാരല്ലാവരും സര്‍ക്കാര്‍ ജോലി നേടി ജീവിതം സുരക്ഷിതമാക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ ഹരിയാന സ്വദേശിയായ ഭവേഷ് കുമാറിന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു.മത്സര പരീക്ഷകള്‍ പലതും എഴുതിയെങ്കിലും ഒന്നിലും വിജയം കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ ബിരുദ പഠനവും ഉപേക്ഷിച്ചു. എന്നാല്‍ 2019ല്‍ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള ലേഖനം പത്രത്തിൽ വായിച്ച ഭവേഷിന്റെ ജീവിതം മൊത്തത്തില്‍ മാറുകയായിരുന്നു.

ഹോസ്റ്റലില്‍ താമസിച്ച് സൈനിക പരീക്ഷകള്‍ക്ക് പരിശീലനം നടത്തിയിരുന്ന സമയത്ത് നഗരത്തിലെ സുഹൃത്തുക്കളുടെ ആവശ്യാര്‍ഥം ഗ്രാമത്തില്‍ വീട്ടിലുണ്ടാക്കിയ ശുദ്ധമായ നെയ്യ് ചെറിയ തുകയ്ക്ക് വില്‍പ്പന നടത്തിയിരുന്നു. അതില്‍ കച്ചവട സാധ്യതയുള്ളതായി ഭവേഷ് തിരിച്ചറിഞ്ഞു.

അമ്മയുടെ സഹായത്തോടെ നാടന്‍ പശുക്കളില്‍ നിന്ന് ഗുണമേന്മയുളള നെയ്യുണ്ടാക്കാന്‍ തുടങ്ങി.സമൂഹ മാധ്യമങ്ങളിലൂടെ ശുദ്ധമായ നെയ്യിന്റെ മേന്മകള്‍ നാട്ടുകാരിലേക്കും എത്തിച്ചു. പരമ്പരാഗത രീതിയിലുള്ള പാല്‍സംസ്‌കരണമാണ് ഭവേഷിന്റെ സംരംഭത്തിന് അടിത്തറയായത്.
മണ്‍കലത്തിലാണ് പാല്‍ തിളപ്പിക്കുക. തീയുണ്ടാക്കാന്‍ ചാണക വരളി ഉപയോഗിക്കുന്നു. പാലില്‍ നിന്ന് ശേഖരിക്കുന്ന പാല്‍പാട ശേഷം പരമ്പരാഗത രീതിയില്‍ കടഞ്ഞെടുക്കുന്നു. ഇങ്ങനെ ലഭിക്കുന്ന നെയ്യ് ഉരുക്കി നറുനെയ്യാക്കി മാറ്റുന്നു. പിന്നീട് ചില്ലുകുപ്പികളിലാക്കി അതില്‍ ബ്രാന്‍ഡായ കസൂതത്തിന്റെ സ്റ്റിക്കര്‍ പതിക്കുന്നു.

ഇപ്പോള്‍ രാജ്യവ്യാപകമായി 15,000 ഉപഭോക്താക്കളാണുള്ളത്. എന്നാല്‍ നിന്ന് ലഭിക്കുന്ന ഒരു മാസത്തെ വരുമാനം 70 ലക്ഷം രൂപയാണ്. നാല് പശുക്കളില്‍ തുടങ്ങിയ ഉല്‍പാദനം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് 20 പശുക്കളിലാണ്. ഉല്‍പ്പന്നം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി യൂട്യൂബ് ചാനല്‍ ആരംഭിച്ചു.നിരവധി വീഡിയോകള്‍ക്ക് കമന്റായി ഉല്‍പന്നത്തിന്റെ വിവരങ്ങളും നമ്പറും ഇട്ടു.സര്‍ക്കാര്‍ ജോലി ലഭിച്ചില്ലായെന്ന് പറഞ്ഞ് കളിയാക്കുന്നവരുടെ മുന്നില്‍ ഇന്ന് സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ച് തലഉയര്‍ത്തിനില്‍ക്കുകയാണ് ഭവേഷ്.