തങ്ങളുടെ മോശം ഫീല്‍ഡിംഗിന്റെ പേരില്‍ ഇന്ത്യന്‍ വനിതാ ടീം പലപ്പോഴും രോഷം നേരിട്ടിട്ടുണ്ട്, പ്രത്യേകിച്ച് ലോകകപ്പ് പോലെയുള്ള ഗൗരവമാര്‍ന്ന മത്സരങ്ങളില്‍. എന്നാല്‍ ഇന്നലെ ഏറെ നിര്‍ണ്ണായകമായ ശ്രീലങ്കയ്ക്കെതിരേയുള്ള ഇന്ത്യയുടെ മത്സരത്തില്‍ പകരക്കാരിയായി കളത്തിലെത്തിയ രാധാ യാദവ് തകര്‍പ്പനൊരു ഡൈവിംഗ് ക്യാച്ച് എടുത്ത് എല്ലാവരേയും അമ്പരപ്പിച്ചു.
വനിതാ ടി20 ലോകകപ്പ് 2024 ലെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ‘സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍’ രാധ ആയി കളത്തില്‍ എത്തിയതായിരുന്നു രാധ. യാദവിന്റെ അക്രോബാറ്റിക് പ്രയത്നം ശ്രീലങ്കന്‍ ഓപ്പണര്‍ വിഷ്മി ഗുണരത്നെയെ പാക്ക് ചെയ്യിച്ചു.
ലങ്കന്‍ ഇന്നിംഗ്സിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം. ഇന്ത്യന്‍ പേസര്‍ രേണുക ഠാക്കൂറിന്റെ പന്തില്‍ എഡ്ജ ചെയ്ത ഗുണരത്നെയുടെ ബാറ്റില്‍ നിന്നുയര്‍ന്ന പന്ത് പോയത് പരിക്കേറ്റ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പകരക്കാരനായി എത്തിയ രാധ നിലയുറപ്പിച്ച പോയിന്റിലേക്ക് ആയിരുന്നു. അവിശ്വസനീയമായ ചുറുചുറുക്കോടെ, 24-കാരി പിന്നിലേക്ക് ഓടി, പന്തിന്റെ പാത കൃത്യമായി വിലയിരുത്തി, വായുവില്‍ കൈനീട്ടി എടുത്ത ഡൈവിംഗ് പന്ത് പിടിച്ചെടുത്തു. കമന്റേറ്റര്‍മാരെയും കാണികളെയും അവിശ്വസനീയമാക്കിക്കൊണ്ട് പന്ത് കൈകളില്‍ ഭദ്രമാക്കി.
അവളുടെ ഗംഭീര ക്യാച്ച് തീര്‍ച്ചയായും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഒന്നായി വാഴ്ത്തപ്പെടേണ്ടതാണ്. ശ്രീലങ്കയ്ക്കെതിരെ 173 റണ്‍സ് പ്രതിരോധിക്കാന്‍ ചുമതലപ്പെടുത്തിയ ഇന്ത്യക്ക് അത് ഗംഭീരമായ തുടക്കം നല്കി.