കാപ്പിയുടെ രുചി പലർക്കും വ്യത്യസ്തമായി അനുഭവപ്പെടാറുണ്ട്. ചിലർക്ക് അവ അമിതമായ കയ്പുള്ളതായി തോന്നുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഒരു പഠനം കാപ്പിയുടെ രുചി കയ്പ്പല്ല എന്നും ഈ ധാരണയ്ക്ക് കാരണം ജനിതകമായ ഘടകങ്ങൾ ആണെന്നും വ്യക്തമാക്കുന്നു.
ജർമ്മനിയിലെ മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതരത്തിലൊരു പഠനം നടത്തിയത്. വറുത്ത കാപ്പിയിലെ കയ്പേറിയ സംയുക്തങ്ങൾ അതിന്റെ രുചിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അവർ വിശകലനം ചെയ്യുകയുണ്ടായി.
കാപ്പിയുടെ രുചി എത്രത്തോളം കയ്പേറിയതാണെന്ന് നിർണ്ണയിക്കുന്നതിൽ ഒരു വ്യക്തിയുടെ ജനിതക പ്രവണതകൾക്കും ഒരു പങ്കുണ്ട് എന്ന് അവർ വ്യക്തമാക്കുന്നു . ഫുഡ് കെമിസ്ട്രി ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘കോഫി അറബിക്ക’ എന്നറിയപ്പെടുന്ന കാപ്പി ചെടിയിൽ നിന്നുള്ള കായ കാപ്പിക്കായി പാകം ചെയ്യുന്നതിനു മുമ്പ് വറുത്തെടുക്കുന്നു. കഫീൻ കയ്പുള്ളതായി അറിയപ്പെട്ടിരുന്നുവെങ്കിലും ഇത് കുറയ്ക്കാൻ ഡി-കഫീൻ ചെയ്യുന്നു. എങ്കിൽപോലും കാപ്പി കുടിക്കുന്ന പലർക്കും ഇതിന്റെ രുചി കയ്പായി തന്നെയാണ് തോന്നാറുള്ളത് . വറുത്ത കാപ്പിയുടെ കയ്പേറിയ രുചിക്ക് കാരണമാകുന്ന മറ്റ് വസ്തുക്കളുമുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു .
കഫീനേക്കാൾ 10 മടങ്ങ് കയ്പ്പുള്ളതും മനുഷ്യശരീരത്തിലെ കയ്പേറിയ രുചി റിസപ്റ്ററുകളിൽ രണ്ടെണ്ണം സജീവമാക്കുന്നതുമായ അറബിക്ക ബീൻസിൽ അടങ്ങിയിരിക്കുന്ന അത്തരത്തിലുള്ള ഒരു ഘടകമാണ് ‘മൊസാംബിയോസൈഡ്’.
കാപ്പിക്കുരു വറുക്കുമ്പോൾ മൊസാംബിയോസൈഡിന്റെ അളവ് ഗണ്യമായി കുറയുന്നു . കൂടാതെ ഇവ ഏഴ് വ്യത്യസ്‌ത ഉൽപന്നങ്ങളായി വിഘടിക്കുന്നതായും കണ്ടെത്തി. ഇത് കാപ്പിയുടെ വറുത്ത താപനിലയും മറ്റും അനുസരിച്ച് വ്യത്യസ്ത അളവിൽ കാണപ്പെടുന്നതായും പഠനം വ്യക്തമാക്കുന്നു.
എന്നിരുന്നാലും, ബ്രൂ ചെയ്ത കോഫിയിൽ കയ്പ്പുള്ള ഉൽപ്പന്നങ്ങളുടെ സാന്ദ്രത വളരെ കുറവാണെന്നും അവയ്ക്ക് അധികം കയ്പ്പ് രുചി ഉണ്ടാക്കാൻ കഴിയില്ലെന്നും അവർ പറയുന്നു . രുചി സംവേദനക്ഷമത ആളുകളുടെ ജനിതക ഘടനയെ ആശ്രയിച്ചിരിക്കുന്നതായും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു .
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും കാപ്പി കുടിക്കുന്നുണ്ടെങ്കിലും, ഏത് കയ്പുള്ള രുചി റിസപ്റ്ററുകളാണ് അവരിൽ സജീവമാക്കുന്നതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല .