Featured Health

12 വയസ്സിന് മുൻപുള്ള കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം: പഠനം

കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകാൻ അനുയോജ്യമായ പ്രായം ഏതാണ്? കുട്ടികളുടെ നിർബന്ധത്തിനും, ഫോണിന്റെ അമിത ഉപയോഗം ദോഷകരമാണെന്ന ഗവേഷകരുടെ മുന്നറിയിപ്പിനും ഇടയിൽ മാതാപിതാക്കളെ കുഴയ്ക്കുന്ന ചോദ്യമാണിത്. എന്നാൽ, കുട്ടികൾക്ക് ഫോൺ നൽകുന്നത് വൈകിപ്പിക്കണമെന്ന വാദത്തെ ശരിവെക്കുന്നതാണ് പുതിയ പഠന റിപ്പോർട്ടുകൾ.

‘പീഡിയാട്രിക്സ്’ (Pediatrics) ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 12 വയസ്സിന് മുൻപ് സ്മാർട്ട്ഫോൺ ലഭിച്ച കുട്ടികളിൽ വിഷാദം, അമിതവണ്ണം, ഉറക്കക്കുറവ് എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കണ്ടെത്തി. അമേരിക്കയിലെ കുട്ടികളുടെ മസ്തിഷ്ക വികാസത്തെക്കുറിച്ച് നടന്ന ഏറ്റവും വലിയ ദീർഘകാല പഠനമായ ‘അഡോളസെന്റ് ബ്രെയിൻ കോഗ്നിറ്റീവ് ഡെവലപ്‌മെന്റ് സ്റ്റഡി’യിൽ (Adolescent Brain Cognitive Development Study) പങ്കെടുത്ത 10,500-ലധികം കുട്ടികളിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്.

പ്രധാന കണ്ടെത്തലുകൾ

പ്രായം കുറയുന്നതിനനുസരിച്ച് അപകടസാധ്യത കൂടുന്നു: 12 വയസ്സിന് താഴെയുള്ള കുട്ടികൾ എത്ര നേരത്തെ ഫോൺ ഉപയോഗിച്ചു തുടങ്ങുന്നുവോ, അത്രത്തോളം അവർക്ക് അമിതവണ്ണവും ഉറക്കമില്ലായ്മയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

മാനസികാരോഗ്യം: 12 വയസ്സുവരെ ഫോൺ ലഭിക്കാത്ത കുട്ടികളെ നിരീക്ഷിച്ചപ്പോൾ, ഒരു വർഷത്തിന് ശേഷം ഫോൺ ലഭിച്ചവരിൽ ഉറക്കക്കുറവും മാനസികാരോഗ്യ പ്രശ്നങ്ങളും വർദ്ധിച്ചതായി കണ്ടെത്തി.

ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ: സ്മാർട്ട്ഫോൺ ലഭിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗൗരവകരമായ കാര്യമാണെന്നും അതിനനുസരിച്ച് വേണം പെരുമാറാനെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. റാൻ ബർസിലേ (Dr. Ran Barzilay) പറയുന്നു.

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?

മുൻപ് നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന കുട്ടികൾ നേരിട്ടുള്ള സാമൂഹിക ഇടപെടലുകൾക്കും വ്യായാമത്തിനും ഉറക്കത്തിനും കുറഞ്ഞ സമയം മാത്രമേ ചിലവഴിക്കുന്നുള്ളൂ എന്നാണ്. കൗമാരപ്രായം ശാരീരികമായും മാനസികമായും വളരെ നിർണ്ണായകമായ ഒരു ഘട്ടമായതിനാൽ, ഉറക്കത്തിലോ മാനസികാവസ്ഥയിലോ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

മാതാപിതാക്കളെ കുറ്റപ്പെടുത്തുകയല്ല ഈ പഠനത്തിന്റെ ലക്ഷ്യമെന്ന് ഡോ. ബർസിലേ വ്യക്തമാക്കി. സ്മാർട്ട്ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും പ്രായം പ്രധാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. “12 വയസ്സുള്ള ഒരു കുട്ടി 16 വയസ്സുള്ള കുട്ടിയേക്കാൾ തികച്ചും വ്യത്യസ്തനാണ്. 42-ഉം 46-ഉം വയസ്സുള്ള മുതിർന്നവർ തമ്മിലുള്ള വ്യത്യാസം പോലെയല്ല ഇത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട്: ന്യൂയോര്‍ക്ക് ടൈംസ്