Featured Health

ഗര്‍ഭകാലത്ത്‌ പാരസെറ്റമോള്‍ സുരക്ഷിതമാണെന്നു പഠനം, ട്രംപിന്റെ മുന്നറിയിപ്പിനു മറുപടി

ലണ്ടന്‍: ഗര്‍ഭകാലത്ത്‌ പാരസെറ്റമോള്‍ സുരക്ഷിതമാണെന്നു പഠന റിപ്പോര്‍ട്ട്‌. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഒരു വര്‍ഷം മുമ്പ്‌ നടത്തിയ മുന്നറിയിപ്പിനു മറുപടിയാണു പഠനം. ഗര്‍ഭിണികള്‍ക്ക്‌ പാരസെറ്റമോള്‍ നല്ലതല്ല എന്നും അതു കഴിക്കരുതുമെന്നുമായിരുന്നു ട്രംപിന്റെ നിര്‍ദേശം.

അദ്ദേഹത്തിന്റെ അഭിപ്രായത്തെ അന്നുതന്നെ ലോകമെമ്പാടുമുള്ള മെഡിക്കല്‍ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. ലാന്‍സെറ്റ്‌ ജേണലിലാണു പാരാസെറ്റമോള്‍ സംബന്ധിച്ചു പുതിയ പഠനം പ്രസിദ്ധീകരിച്ചത്‌.

പാരസെറ്റമോള്‍ (അമേരിക്കയില്‍ അസെറ്റാമിനോഫെന്‍) ഗര്‍ഭകാലത്ത്‌ വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളിലൊന്നാണ്‌. എന്നാല്‍ ഇത്‌ ഗര്‍ഭകാലത്ത്‌ കഴിക്കുന്നത്‌ കുട്ടികളില്‍ ഓട്ടിസത്തിനു കാരണമാകുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. അതു ലോകമെമ്പാടുമുള്ള ഡോക്‌ടര്‍മാരെ ഞെട്ടിച്ചു. ആശയക്കുഴപ്പം ഒഴിവാക്കാനായിരുന്നു പുതിയ ഗവേഷണം.

ലാന്‍സെറ്റ്‌ ഒബ്‌സ്റ്റെട്രിക്‌സ്, ഗൈനക്കോളജി ആന്‍ഡ്‌ വിമണ്‍സ്‌ ഹെല്‍ത്തിലാണു പഠനം പ്രസിദ്ധീകരിച്ചത്‌. ഗര്‍ഭകാലത്ത്‌ പാരസെറ്റമോള്‍ ഉപയോഗത്തെക്കുറിച്ചുള്ള 43 പഠനങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. ലക്ഷക്കണക്കിന്‌ സ്‌ത്രീകളെയാണ്‌ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രത്യേകിച്ച്‌, പാരസെറ്റമോള്‍ കഴിച്ച ഗര്‍ഭധാരണങ്ങളും കഴിക്കാത്ത ഗര്‍ഭധാരണങ്ങളും താരതമ്യം ചെയ്‌തു. കുട്ടികളില്‍ അഞ്ച്‌ വര്‍ഷത്തിലധികം നിരീക്ഷണം നടത്തി, അപകട സാധ്യത കുറഞ്ഞ പഠനങ്ങളും ഈ ഗവേഷണം പരിഗണിച്ചു.

‘വിശകലനം നടത്തിയപ്പോള്‍ പാരസെറ്റമോളും ഓട്ടിസവുമായി യാതൊരു ബന്ധവും കണ്ടെത്തിയില്ല. പാരസെറ്റമോള്‍ ഓട്ടിസം സാധ്യത വര്‍ധിപ്പിക്കുന്നു എന്നതിന്‌ യാതൊരു തെളിവുമില്ല’- പഠനത്തിനു നേതൃത്വം നല്‍കിയ കണ്‍സള്‍ട്ടന്റ്‌ ഒബ്‌സ്റ്റട്രീഷ്യന്‍ പ്രഫസര്‍ അസ്‌മ ഖലീല്‍ പറഞ്ഞു.
‘സന്ദേശം വ്യക്‌തമാണ്‌ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ കഴിക്കുമ്പോള്‍ പാരസെറ്റമോള്‍ ഗര്‍ഭകാലത്ത്‌ സുരക്ഷിതമായ ഒരു ഓപ്‌ഷനായി തുടരുന്നു,’ അവര്‍ വ്യക്‌തമാക്കി.