Oddly News

കാമുകനൊപ്പം ഒളിച്ചോടാന്‍ പോയ പെണ്‍കുട്ടി മടങ്ങിയെത്തിയത് മറ്റൊരാളെ വിവാഹം കഴിച്ചുകൊണ്ട്; സിനിമയെ വെല്ലും ട്വിസ്റ്റ്

ന്യൂഡല്‍ഹി: കാമുകനൊപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടി ഒരാഴ്ച കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയത് മറ്റൊരാളെ വിവാഹം കഴിച്ചുകൊണ്ട്. ഓഗസ്റ്റ് 23-ന് നടന്ന സംഭവത്തില്‍ എംഐജി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ശ്രദ്ധ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലാണ് സിനിമയിലേതിന് സമാനമായ ട്വിസ്റ്റ് ഉണ്ടായത്.

കാമുകന്‍ സാര്‍ഥക് എന്ന യുവാവിനെ വിവാഹം കഴിക്കാനാണ് പെണ്‍കുട്ടി വീടുവിട്ടിറിങ്ങിയത്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരുന്നെങ്കിലും സാര്‍ഥക് വന്നില്ല. കാരണം പറഞ്ഞത് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന്.

കാമുകന്‍ ചതിച്ചതില്‍ മനംനൊന്ത്, ശ്രദ്ധ ലക്ഷ്യമില്ലാതെ ഒരു ട്രെയിനില്‍ കയറി. മണിക്കൂറുകള്‍ യാത്ര ചെയ്ത് രത്ലം സ്റ്റേഷനില്‍ ഇറങ്ങി. ശ്രദ്ധ തനിച്ചിരിക്കുന്നത് കണ്ട് കരണ്‍ദീപ് എന്നയാള്‍ സമീപിച്ച് വിവരങ്ങള്‍ തിരക്കി. അവള്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, വീട്ടിലേക്ക് മടങ്ങിപ്പോയി മാതാപിതാക്കളെ വിവരമറിയിക്കാന്‍ അയാള്‍ ഉപദേശിച്ചു. എന്നാല്‍ ശ്രദ്ധ സമ്മതിച്ചില്ല. ഒടുവില്‍, കരണ്‍ദീപ് അവളെ വിവാഹം കഴിക്കാന്‍ തയ്യാറാകുകയും ശ്രദ്ധ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും മഹേശ്വര്‍ മണ്ഡലേശ്വരിലേക്ക് പോയി വിവാഹിതരായി.

ഇതിനിടയില്‍, ശ്രദ്ധയുടെ പിതാവ് അനില്‍ തിവാരി മകള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിരുന്നു. മകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 51,000 രൂപ പാരിതോഷികവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച, ശ്രദ്ധ അച്ഛനെ ഫോണില്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചു. തുടര്‍ന്ന് മകള്‍ക്കും കരണ്‍ദീപിനും ഹോട്ടലില്‍ താമസിക്കാന്‍ അദ്ദേഹം പണം നല്‍കി. എന്നാല്‍ അവര്‍ക്ക് മുറി ലഭിക്കാതെ വന്നപ്പോള്‍ ശ്രദ്ധയുടെ അച്ഛന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാനുള്ള പണം കരണ്‍ദീപിന് അയച്ചുകൊടുത്തു.

ശ്രദ്ധയും കരണ്‍ദീപും എംഐജി പോലീസ് സ്റ്റേഷനില്‍ പോയി മൊഴി രേഖപ്പെടുത്തി. ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്ന് ഇന്‍ഡോര്‍ അഡീഷണല്‍ ഡിസിപി രാജേഷ് ദണ്ഡോതിയ സ്ഥിരീകരിച്ചു. മകള്‍ തിരിച്ചെത്തിയതില്‍ ആശ്വാസമുണ്ടെങ്കിലും, ശ്രദ്ധയെയും കരണ്‍ദീപിനെയും 10 ദിവസത്തേക്ക് അകറ്റിനിര്‍ത്തുമെന്ന് അനില്‍ തിവാരി പറഞ്ഞു. അതിനുശേഷവും ശ്രദ്ധയ്ക്ക് കരണ്‍ദീപിനൊപ്പം ജീവിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍, കുടുംബം അവരുടെ വിവാഹം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.