മസ്തിഷ്‌കത്തിന്റെ ഒരു ഭാഗത്തേയ്ക്കുള്ള രക്തയോട്ടം പെട്ടന്ന് തടസപ്പെടുകയോ ഗണ്യമായി കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. തന്‍മൂലം മരണം വരെ സംഭവിച്ചേക്കാം. സ്‌ട്രോക്ക് ഇന്ന് ഒരു ആഗോള ആരോഗ്യപ്രശ്‌നമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് സ്‌ട്രോക്ക് കണ്ട് വരുന്നത്. അഞ്ചില്‍ 2 സ്ത്രീകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാണുന്നു. ഇത് അപകട സാധ്യത വര്‍ധിപ്പിക്കും.
രക്തതാതിസമ്മര്‍ദ്ദം, ഗര്‍ഭധാരണം, ഗര്‍ഭനിരോധന മരുന്നുകള്‍ എന്നിവ സ്ത്രീകളില്‍ സ്‌ട്രോക്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായുള്ള അടയാളങ്ങളെ ഫാസ്റ്റ് എന്ന ചുരുക്കപ്പേരിലാണ് വിളിക്കുന്നത്. മുഖം തൂങ്ങുന്ന അവസ്ഥ, കൈകളുടെ ബലക്കുറവ്, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബാധകമാണെങ്കിലും സ്ത്രീകള്‍ക്ക് ചില പ്രത്യേക ലക്ഷണങ്ങള്‍ കാണാറുണ്ട്.
മുഖത്തിന്റെ തളര്‍ച്ച സ്‌ട്രോക്കിന്റെ പൊതുവായ ലക്ഷണമാണ്. സ്ത്രീകള്‍ക്കും ഇത് പ്രകടമാകുന്നു. ഒപ്പം ക്രമം തെറ്റിയ ചിരിപോലെ ഒരു ഭാവം മുഖത്ത് പ്രത്യേക്ഷപ്പെടാം. കൈകളുടെ ബലഹീനത ഒരു പതിവ് സ്‌ട്രോക്ക് സിഗ്നലാണ്. ഒരു കൈയോ അല്ലെങ്കില്‍ രണ്ട് കയ്യോ ഉയര്‍ത്തുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സ്ത്രീകളില്‍ കൂടുതലായി കാണുന്നു.
കാഴ്ചയ്ക്ക് പെട്ടെന്നുള്ള വ്യത്യാസം, മങ്ങിയതോ ഇരുണ്ടതോ ആയ കാഴ്ച എന്നിവ സ്ത്രീകളില്‍ സ്‌ട്രോക്കിന്റെ സൂചനയാകാം. ഒരു കണ്ണിലോ അല്ലെങ്കില്‍ രണ്ട് കണ്ണിലോ അന്ധത അനുഭവപ്പെടുന്നതു പോലെ തോന്നുകയോ വസ്തുക്കള്‍ രണ്ടായി കാണുകയോ പ്രത്യേകമായ മങ്ങല്‍ അനുഭവപ്പെടുകയോ ചെയ്യാം. ആശയക്കുഴപ്പം, വഴിതെറ്റിപ്പോകുന്ന അവസ്ഥ, പെട്ടന്നുള്ള ക്ഷീണം എന്നിവ സ്ത്രീകളില്‍ കഠിനമാണ്.