Health

സമ്മര്‍ദ്ദം ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവെച്ച് നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. സമ്മര്‍ദ്ദം പരിധി വിട്ടുയരുന്നത് ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും. സമ്മര്‍ദ്ദങ്ങള്‍ക്കിടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

  • ധ്യാനവും പ്രാണായാമവും – ശ്വസനവ്യായാമങ്ങള്‍, ധ്യാനം, പ്രാണായാമം, പേശികള്‍ക്ക് അയവ് നല്‍കുന്ന വ്യായാമങ്ങള്‍ എന്നിവയെല്ലാം മനസ്സിനെ ശാന്തമാക്കി വൈകാരിക ആരോഗ്യം മെച്ചപ്പെടുത്തും. ഇവയെല്ലാം ഉറക്കത്തിന്റെ നിലവാരവും വര്‍ദ്ധിപ്പിക്കും. നല്ല ഉറക്കവും ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ അത്യന്താപേക്ഷിതമാണ്.
  • സ്വയം പരിചരണം ആവശ്യം – നിങ്ങളുടെ മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കാനും നിങ്ങളെ സ്വയം പരിചരിക്കുന്നതിനും സമയം കണ്ടെത്തുക. നിങ്ങള്‍ക്കു സന്തോഷവും വിശ്രമവും നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. അതിപ്പോള്‍ യോഗയെങ്കില്‍ യോഗ. നടത്തമെങ്കില്‍ അങ്ങനെ. അതുമല്ല സ്പായില്‍ പോയി ഒരു മസാജോ പെഡിക്യൂറോ ആണെങ്കില്‍ അങ്ങനെ. സമ്മര്‍ദ്ദം നല്‍കുന്ന ശാരീരികവും മാനസികവുമായ ദുഷ്ഫലങ്ങളെ ഒരു പരിധി വരെ ലഘൂകരിക്കാന്‍ സ്വയം പരിചരണത്തിലൂടെ സാധിക്കും.
  • പ്രിയപ്പെട്ടവര്‍ – നിങ്ങളുടെ സുഹൃത്തുകളും വീട്ടുകാരും ബന്ധുക്കളും അടക്കമുള്ള പ്രിയപ്പെട്ടവരെ എപ്പോഴും ചേര്‍ത്തു നിര്‍ത്തുക. ഇവര്‍ നല്‍കുന്ന വൈകാരിക പിന്തുണ സമ്മര്‍ദ്ദം അലിയിച്ച് കളയാന്‍ സഹായകമാണ്. നിങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്ന വ്യക്തികളോടു ഹൃദയം തുറക്കാനും നിങ്ങളുടെ പ്രശ്‌നങ്ങള്‍ അവരോടു പങ്കുവയ്ക്കാനും മടി കാണിക്കരുത്. സഹിക്കാന്‍ പറ്റാത്ത മാനസിക വിക്ഷോഭങ്ങളോ വിഷാദമോ തോന്നുന്ന പക്ഷം മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാനും മറക്കരുത്.
  • സജീവമായ ജീവിതശൈലി – സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും നിത്യവുമുള്ള വ്യായാമവും ശാരീരിക പ്രവര്‍ത്തനങ്ങളും സഹായിക്കും. വ്യായാമത്തിലൂടെ പുറത്ത് വരുന്ന എന്‍ഡോര്‍ഫിനുകള്‍ മൂഡ് മെച്ചപ്പെടുത്തും. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിട്ട് മിതമായ തീവ്രതയിലുള്ള വ്യായാമം ഏതെങ്കിലും തിരഞ്ഞെടുക്കുക. നടത്തമോ, നീന്തലോ സൈക്ലിങ്ങോ അങ്ങനെ നിങ്ങളുടെ താത്പര്യത്തിനനുസരിച്ചുള്ള വ്യായാമം എന്തുമാകാം.
  • സന്തുലിതമായ ഭക്ഷണക്രമം – പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിങ്ങനെ ഹൃദയാരോഗ്യത്തിനു സഹായകമായ ഭക്ഷണവിഭവങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കാം. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍, അമിതമായി ഉപ്പ് ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ പരിമിതപ്പെടുത്തുക.