മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും പക്ഷികളുമൊക്കെ മിമിക്രി കാര്യത്തില്‍ മുമ്പന്മാര് തന്നെയാണ്. പക്ഷികളിലാണെങ്കില്‍ തത്തയും മൈനയുമൊക്കെ ഇക്കാര്യത്തില്‍ മിടുക്കന്മാരാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു പക്ഷി ഒപ്പിച്ച കുസൃതിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുകെയിലെ ബൈസെസ്റ്ററിലെ ഒരു പൊലീസ് സ്റ്റേഷന് പരിസരത്തായിരുന്നു സംഭവം.
സ്റ്റേഷനിലെ വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ട സമയത്തും എവിടെ നിന്നോ സൈറന്‍ കേട്ട് പൊലീസുകാരെല്ലാം പരിഭ്രമിച്ചു. സംഭവം എന്താണെന്ന് അറിയാന്‍ പൊലീസുകാര്‍ അന്വേഷണം തുടങ്ങി. ആദ്യം സ്റ്റേഷനിലെ ഏതോ വാഹനം കേടായതാകുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതിയത്. എന്നാല്‍ മനുഷ്യനേക്കാള്‍ നന്നായി സൈറന്റെ ശബ്ദം അനുകരിച്ച ഒരു പക്ഷിയാണ് ഈ പണി ഒപ്പിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
സ്റ്റേഷന് സമീപത്തുള്ള ഒരു മരത്തിലാണ് പക്ഷി കൂടുകൂട്ടിയിരുന്നത്. കാലങ്ങളായി കേട്ടുകൊണ്ടിരുന്ന പൊലീസ് വാഹനങ്ങളുടെ ശബ്ദം ശ്രദ്ധയോടെ നിരീക്ഷിച്ച് അതേ താളത്തില്‍ അനുകരിക്കുകയായിരുന്നു പക്ഷി. ഇത് തിരിച്ചറിഞ്ഞതിന്റെ കൗതുകത്തില്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പക്ഷിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എക്സിലൂടെ പങ്കുവയ്ക്കുകയാരുന്നു. പക്ഷിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരാണ് ഇപ്പോള്‍ ഉള്ളത്. അതേസമയം സ്റ്റാര്‍ലിംഗ് എന്ന പക്ഷിയാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയിലുള്ളവര്‍ പറയുന്നത്.