Sports

ഏഷ്യാക്കപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍; നാട്ടുകാര്‍ക്കു മുന്നില്‍ ശ്രീലങ്കയ്ക്ക് നാണക്കേട്, മാഞ്ഞുപോയത് ബംഗ്‌ളാദേശിന്റെ ചീത്തപ്പേര്

ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഏഴാം തവണ ഏഷ്യാകപ്പില്‍ കിരീടം നേടിയപ്പോള്‍ കൊളംബോയില്‍ പിറന്നത് ഏഷ്യാക്കപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകള്‍ വീഴ്ത്തി ആറാടിയപ്പോള്‍ ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക പുറത്തായത് 50 റണ്‍സിന്.

ഏകദിനത്തില്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ പിറന്നപ്പോള്‍ മാഞ്ഞുപോയത് 2000ല്‍ പാക്കിസ്ഥാനെതിരെ 87 റണ്‍സിന് പുറത്തായ ബംഗ്ലാദേശിന്റെ ചീത്തപ്പേരാണ്. ശ്രീലങ്ക ഒരു ഘട്ടത്തില്‍ 12/6 എന്ന നിലയില്‍ ആയിരുന്നു. രണ്ടക്കം കടന്നത് രണ്ടു ബാറ്റര്‍മാര്‍ മാത്രമായിരുന്നു. വൈറും 15.2 ഓവര്‍ മാത്രം എടുത്ത മൊത്തത്തിലുള്ള ഏകദിനത്തിലെ അഞ്ചാമത്തെ ഏറ്റവും ചെറിയ ഇന്നിംഗ്സ് ആയിരുന്നു ഇത്. ശ്രീലങ്കയ്ക്ക് ഇത് അവരുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ഏകദിന സ്‌കോറുമാണ്.

സിറാജ് അഞ്ചുവിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ ശ്രീലങ്ക 6ന് 12 എന്ന നിലയില്‍ ആയി. ഏറ്റവും കുറഞ്ഞ ഏകദിനസ്‌കോറിനു പുറത്താകുമെന്ന ഭീഷണിയിലായതോടെ ഏഴാം വിക്കറ്റില്‍ മെന്‍ഡിസും ദുനിത് വെല്ലലഗെയും ചേര്‍ന്ന 21 റണ്‍സ് കൂട്ടുകെട്ടാണ് അവരെ ആ അപമാനത്തില്‍ നിന്ന് രക്ഷിച്ചത്.

രോഹിത് ശര്‍മ്മയ്ക്ക് പകരം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ഔപചാരിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 6.1 ഓവര്‍ മാത്രമാണ് എടുത്തത്. രണ്ട് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തമ്മില്‍ ഒമ്പത് ഫോറുകള്‍ അടിക്കുകയും ചെയ്തു. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുത്തു. ശ്രീലങ്കയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് അടിച്ചത് അഞ്ച് ബൗണ്ടറികള്‍ മാത്രമായിരുന്നു.