
വ്യായാമം ചെയ്യുന്നവരിലും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ദക്ഷിണേഷ്യക്കാരിലും (ഇന്ത്യക്കാര്‍ ഉള്‍പ്പെടെ) 40-കളില്‍ തന്നെ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ‘ജേണല്‍ ഓഫ് ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍’ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു. അമേരിക്കയില്‍ താമസിക്കുന്ന ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
വെളുത്ത വര്‍ഗക്കാര്‍, ചൈനക്കാര്‍, ഹിസ്പാനിക് വംശജര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേഷ്യക്കാര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണക്രമവും കുറഞ്ഞ മദ്യപാനശീലവും ഉണ്ടായിരുന്നിട്ടും ഈ രോഗസാധ്യതകള്‍ ഉയര്‍ന്ന നിലയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 45 വയസ്സുള്ള ദക്ഷിണേഷ്യന്‍ പുരുഷന്മാരില്‍ പ്രീ-ഡയബറ്റിസ് സാധ്യത വെളുത്ത വര്‍ഗക്കാരെ അപേക്ഷിച്ച് എട്ട് മടങ്ങ് കൂടുതലാണെന്ന് പഠനം പറയുന്നത്. സ്ത്രീകളില്‍ ഇത് മൂന്ന് മടങ്ങാണ്. 45 വയസ്സില്‍ ദക്ഷിണേഷ്യന്‍ പുരുഷന്മാരില്‍ രക്തസമ്മര്‍ദ്ദത്തിന്റെ തോത് 25.5% ആണ്. ഇത് വെളുത്ത വര്‍ഗക്കാരില്‍ 18.4%-ഉം, ചൈനക്കാരില്‍ 6.6%-ഉം മാത്രമാണ്.
ഇന്ത്യക്കാരുടെ ജനിതകപരമായ പ്രത്യേകതകളും ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണരീതിയും ഈ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് മാക്‌സ് ഹെല്‍ത്ത് കെയറിലെ ഡോ. ബല്‍ബീര്‍ സിംഗ് വ്യക്തമാക്കുന്നു. 40 വയസ്സ് വരെ കാത്തിരിക്കാതെ 20-കളില്‍ തന്നെ ആരോഗ്യ പരിശോധനകള്‍ ആരംഭിക്കണമെന്നും കൊഴുപ്പിനേക്കാള്‍ അപകടകാരി ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും (Refined Carbs) പഞ്ചസാരയുമാണെന്നും അദ്ദേഹം പറയുന്നു. ഇവ ട്രൈഗ്ലിസറൈഡുകള്‍ വര്‍ദ്ധിപ്പിക്കുകയും ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശാരീരിക അധ്വാനം കുറഞ്ഞ ജീവിതരീതി മാറ്റണം. സ്‌കൂള്‍ തലം മുതല്‍ തന്നെ കുട്ടികളില്‍ ഭക്ഷണക്രമത്തെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും അവബോധം നല്‍കണം. 40 വയസ്സിന് ശേഷം ഹൃദയധമനികളിലെ തടസ്സങ്ങള്‍ കണ്ടെത്താന്‍ ലളിതമായ ‘കാല്‍സ്യം സ്‌കോര്‍ ടെസ്റ്റ്’ ചെയ്യാവുന്നതാണ്. മാത്രമല്ല, ‘പഞ്ചസാരയാണ് അടുത്ത പുകയില (Sugar is the next smoking giant)’ എന്നും ഡോ. സിംഗ് മുന്നറിയിപ്പ് നല്‍കുന്നു.



