Featured Hollywood

ഹോളിവുഡിലെ സൂപ്പര്‍താര ദമ്പതികള്‍ പിരിയുന്നു; ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസും

ന്യൂഡല്‍ഹി: കൊട്ടിഘോഷിക്കപ്പെട്ട ഹോളിവുഡിലെ മറ്റൊരു സൂപ്പര്‍താര ദമ്പതികള്‍ കൂടി വേര്‍ പിരിയുന്നു. ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസുമാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. പേജ് സിക്‌സാണ് ഇവരുടെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഇരുവരുടേയും ദാമ്പത്യത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ടിഎംഇസഡും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.

നാലു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. ”വിവാഹമോചനം ജോയുടെ അവസാന ആശ്രയമായിരുന്നു. തന്റെ കുടുംബത്തെ തകര്‍ക്കാന്‍ അയാള്‍ ഒരിക്കലും ആഗ്രഹിച്ചില്ല, എന്നാല്‍ തന്റെ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും നല്ല നടപടിയായി അയാള്‍ക്ക് തോന്നിയത് സ്വീകരിക്കേണ്ടി വന്നു.” പേജ് സിക്‌സ് കുറിച്ചു. 2017 ജനുവരിയില്‍ ജോ ജോനാസുമായുള്ള തന്റെ ബന്ധം സോഫി ടര്‍ണര്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഔദ്യോഗികമാക്കിയത്. മിയാമിയില്‍ ഒരു ബോട്ടില്‍ ഇരിക്കുന്ന ജോയുടെ ചിത്രം അവര്‍ പങ്കിട്ടു.

ആ വര്‍ഷം ജൂലൈയില്‍ താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും പക്ഷേ അത് വളരെ സ്വകാര്യമായ ബന്ധമാണെന്നും നടി പറഞ്ഞു. 2017 ഒക്ടോബര്‍ 15 ന് ദമ്പതികള്‍ വിവാഹനിശ്ചയം നടത്തി. വിവാഹനിശ്ചയ മോതിരവുമായി നില്‍ക്കുന്ന സോഫി ടര്‍ണറുടെ ഗംഭീരമായ ഫോട്ടോയും ജോ ജോനാസ് പങ്കുവെച്ചു. ബില്‍ബോര്‍ഡ് അവാര്‍ഡുകളില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെ ലാസ് വെഗാസില്‍ വെച്ച് സോഫി ടര്‍ണറും ജോ ജോനാസും 2019 മെയ് 1 ന് പ്രശസ്തമായ ലിറ്റില്‍ വൈറ്റ് വെഡ്ഡിംഗ് ചാപ്പലില്‍ വെച്ച് വിവാഹിതരായി.

2019 ജൂണ്‍ 28-ന് ഇരുവരും ഫ്രാന്‍സില്‍ വെച്ച് വീണ്ടും വിവാഹിതരായി. ആദ്യത്തെ കുട്ടി വില്ലയെ 2020 ജൂലൈയില്‍ ലോസ് ഏഞ്ചല്‍സില്‍ സ്വീകരിച്ച ദമ്പതികള്‍ സോഫിയും ജോയും 2022 ജൂലൈ 14 ന് രണ്ടാമത്തെ കുഞ്ഞിനെയും സ്വാഗതം ചെയ്തു. സെപ്തംബര്‍ 3 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇരുവരും പിരിയുകയാണെന്ന്് ടിഎംഇസഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ ജീവിതത്തില്‍ ‘ഗുരുതരമായ പ്രശ്‌നങ്ങള്‍’ ഉണ്ടെന്ന് അവകാശപ്പെട്ടു. പേരിടാത്ത ചില സ്രോതസ്സുകളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.