Celebrity

‘തുണിയുരിയാനും ചുംബിക്കാനും എന്നെക്കിട്ടില്ല’; ഞാന്‍ എപ്പോഴും ഇങ്ങിനെയെന്ന് സോനാക്ഷി സിന്‍ഹ

തുണിയുരിയാനും ചുംബിക്കാനും കെട്ടിപ്പിടിക്കാനുമൊന്നും തന്നെക്കിട്ടില്ലെന്ന് സിനിമയ്ക്കായി സമീപിക്കുമ്പോള്‍ തന്നെ താന്‍ സംവിധായകനോട് നയം വ്യക്തമാക്കാറുണ്ടെന്ന് നടി സോനാക്ഷി സിന്‍ഹ. ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് 14 വര്‍ഷമായ സോനാക്ഷി ഇതുവരെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പറയുന്നു. പുതിയ സിനിമ ഹീരാമാണ്ടിയുടെ വിജയത്തിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍ താന്‍ മുന്‍ എടുത്ത അതേ സ്റ്റാന്റില്‍ തന്നെയാണ് ഇപ്പോഴുമെന്നും നടി പറഞ്ഞു.

എല്ലായ്‌പ്പോഴും തനിക്ക് കംഫര്‍ട്ടബിളായി ചെയ്യാന്‍ കഴിയുന്ന കാര്യവും പറ്റാത്ത കാര്യവും ആദ്യം തന്നെ വ്യക്തമാക്കുമെന്നും നടി പറയുന്നു. നേരത്തേ ഒരു അഭിമുഖത്തില്‍ തനിക്ക് ഇതുവരെ 15 സിനിമയേ ആയിട്ടുള്ളെന്നും സിനിമ കുറയാന്‍ കാരണം ചുംബനരംഗമോ വിവസ്ത്രയാകുന്നതോ സാധിക്കില്ലെന്നതാണെന്നും താരം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോഴും അതേ നിലപാടില്‍ തന്നെയാണോ അങ്ങിനെ നിലപാട് എടുക്കുന്നത് അവസരം കുറയാന്‍ കാരണമായോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു.

ഇപ്പോള്‍ 35 ാമത്തെ സിനിമയാണ് അഭിനയിക്കുന്നത്. ഇപ്പോഴും അതേ നിലപാട് തന്നെയാണ്. നന്നായി പണി അറിയാവുന്നവര്‍ക്ക് അവസരം വന്നുകൊണ്ടിരിക്കും. തന്റെ കരിയറില്‍ ഉടനീളം ചുംബനരംഗമോ ഇഴുകിചേര്‍ന്നുള്ള അഭിനയമോ കാരണം അവസരം നഷ്ടമായിട്ടില്ലെന്നും നടിപറഞ്ഞു. ”തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ച് സമീപിക്കുന്ന നിര്‍മ്മാതാവിനോടും സംവിധായകനോടും ആദ്യം തന്നെ ഇക്കാര്യം പറയും. അത്തരം സീനുകള്‍ തനിക്ക് സുഖകരമല്ല. എന്നിട്ടും നിങ്ങള്‍ക്ക് എന്നെ വേണമെന്നുണ്ടെങ്കില്‍ തുടരാം. ഒരു നടിയെന്ന് നിലയില്‍ എന്നില്‍ നിന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ കൂടെ ജോലി ചെയ്യാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ ചെയ്യുന്ന തരത്തിലുള്ള ഒരു നടിയെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് ആദ്യമേ പറയും” നടി പറഞ്ഞു.

2010 ല്‍ സല്‍മാന്‍ഖാന്‍ നായകനായ സൂപ്പര്‍ഹിറ്റ് സിനിമ ദബാംഗിലൂടെയാണ് സോനാക്ഷി സിനിമയിലേക്ക് എത്തിയത്. ഹീരാമാണ്ടി നടിയെന്ന നിലയില്‍ തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്നും അതൊരു തകര്‍പ്പന്‍ സെറ്റായിരുന്നെന്നും നടി പറഞ്ഞു. സഞ്ജയ് ലീലാ ബെന്‍സാലി നിങ്ങളിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുമെന്നും നടി പറഞ്ഞു. അസാധാരണ മികവുള്ള അഭിനേത്രികള്‍ക്കൊപ്പമാണ് സിനിമ ചെയ്തത്. അവരില്‍ നിന്നും ഏറെ പഠിക്കാന്‍ പറ്റിയെന്നും നടി പറയുന്നു.