Crime

കാമുകിക്കുവേണ്ടി അമ്മയെ കൊന്ന കത്തിച്ചു; മകന്‌ ജീവപര്യന്തം

തിരുവനന്തപുരം: ഇഷ്‌ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ച കേസില്‍ മകനു ജീവപര്യന്തം കഠിന തടവ്‌. 50,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ്‌ മാസം കഠിന തടവ്‌ അനുഭവിക്കണമെന്നു തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ്‌ ജഡ്‌ജി ആര്‍. രേഖ വിധിച്ചു.

വക്കം നിലമുക്ക്‌ പൂച്ചാടിവിള വീട്ടില്‍ വിഷ്‌ണു(കള്ളപ്പന്‍)വാണ്‌ അമ്മ ജനനിയെ കൊന്നു കത്തിച്ചത്‌. ജനനിയുടെ തല പിടിച്ചു്‌ ചുമരില്‍ ശക്‌തിയായി പലതവണ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. 2023 ഏപ്രില്‍ 22 നായിരുന്നു സംഭവം. മൃതദേഹം ഭാഗികമായി കത്തിയ ശേഷം പ്രതിതന്നെ ബഹളം ഉണ്ടാക്കി നാട്ടുകാരെ കൂട്ടുകയായിരുന്നു. അവിവാഹിതനായ പ്രതി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഒരു സ്‌ത്രീയെ കൂടെ താമസിപ്പിക്കാന്‍ ആഗ്രഹിച്ചു. ഇതിനെ ജനനി എതിര്‍ത്തതാണു കൊലപാതകത്തില്‍ കലാശിച്ചത്‌.