Myth and Reality

‘അലാസ്‌ക ട്രയാംഗിള്‍’ വിഴുങ്ങിയത് 20,000 പേരെ; പോയവരാരും തിരികെ വന്നിട്ടില്ല…!

ബര്‍മുഡ ട്രയാംഗിളിനെകുറിച്ച് ഇതിനകം ധാരാളം കേട്ടിട്ടുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പ്രത്യേകഭാഗത്ത് കൂടി സഞ്ചരിക്കുന്ന വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകുന്ന നിഗൂഡ പ്രതിഭാസം ചുരളഴിയാതെ ഇന്നും മനുഷ്യന്റെ ബുദ്ധിക്കും അറിവിനും അപ്പുറത്ത് നില്‍ക്കുന്നു. എന്നാല്‍ 20,000 ലധികം പേരെ കാണാതായിട്ടുള്ള അലാസ്‌ക്കാ ട്രയാംഗിളിനെക്കുറിച്ച് അറിയാമോ?

അലാസ്‌ക്കയിലെ സമീപപ്രദേശമായ ജുന്യൂവിനും വടക്കന്‍ തീരദേശ നഗരമായ ഉത്കിയാഗ്വിക്കും ഇടയില്‍ വരുന്ന മൂന്ന് പോയിന്റുകള്‍ക്ക് ഇടയിലാണ് ‘അലാസ്‌ക ട്രയാംഗി’ളും ‘ബര്‍മുഡ’ പോലെ ഒരു നിഗൂഢതയായി തുടരുന്നു. 1972 ഒക്ടോബറില്‍ രണ്ട് യുഎസ് രാഷ്ട്രീയനേതാക്കളുമായി പറന്ന ഒരു ചെറുവിമാനം ഇവിടെ യാത്രാമദ്ധ്യേ പെട്ടെന്ന് അപ്രത്യക്ഷമായതോടെയാണ് പ്രദേശം ആദ്യമായി ശ്രദ്ധ നേടിയത്.

യുഎസ് ഹൗസ് മെജോറിറ്റി ലീഡര്‍ തോമസ് ഹെയ്ല്‍ ബോഗ്സ് സീനിയറും അലാസ്‌കയിലെ കോണ്‍ഗ്രസ് അംഗം നിക്ക് ബെഗിച്ചും സഹായി റസ്സല്‍ ബ്രൗണ്‍, പൈലറ്റ് ഡോണ്‍ ജോണ്‍സ് എന്നിവരും ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച ചെറുവിമാനമാണ് ആങ്കറേജില്‍ നിന്ന് ജുനോവിലേക്ക് പറക്കുന്നതിനിടെ അപ്രത്യക്ഷമായത്. വലിയ തെരച്ചില്‍ നടത്തിയിട്ടും ആളുകളുടേയോ വിമാനത്തിന്റെയോ പൊടിപോലും ഇന്നും കണ്ടെത്താനായിട്ടില്ല. ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകം അന്വേഷിച്ച ബോഗ്സ് വാറന്‍ കമ്മീഷന്‍ അടക്കം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഈ പ്രദേശത്തെക്കുറിച്ച് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് സംഭവം കാരണമായി.

മറ്റൊരു പ്രധാന കേസ് ഗാരി ഫ്രാങ്ക് സോതര്‍ഡന്‍ ആയിരുന്നു. 1970-കളുടെ മധ്യത്തില്‍ വേട്ടയാടാന്‍ വേണ്ടി അലാസ്‌കന്‍ മരുഭൂമിയിലേക്ക് പോയ 25 വയസ്സുള്ള ന്യൂയോര്‍ക്കുകാരന് പക്ഷേ വീട്ടില്‍ തിരിച്ചെത്തിയില്ല. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം 1997-ല്‍, വടക്കുകിഴക്കന്‍ അലാസ്‌കയിലെ പോര്‍ക്കുപൈന്‍ നദിക്കരയില്‍ ഒരു മനുഷ്യ തലയോട്ടി കണ്ടെത്തി, പിന്നീട് 2022-ല്‍ ഡിഎന്‍എ ലഭിച്ചു. ഈ തലയോട്ടി മിസ്റ്റര്‍ സോതര്‍ഡന്റെതാണെന്ന് നിഗമനം ചെയ്തു. തിരോധാനത്തെക്കുറിച്ച് പല വിശദീകരണങ്ങളും പിന്നീട് പുറത്തുവന്നു. അലാസ്‌ക ട്രയാംഗിളില്‍ അസാധാരണമായ കാന്തിക പ്രവര്‍ത്തനം ഉണ്ടെന്നായിരുന്നു ഉയര്‍ന്നുവന്ന ഒരു വാദം. കരടിയുടെ ആക്രമണമെന്നതാണ് ഒടുവിലെ നിഗമനം

മറ്റൊന്ന് അന്യഗ്രഹ ജീവികള്‍ ഈ പ്രദേശം സന്ദര്‍ശിക്കുന്നുണ്ടെന്നതും. എന്നാല്‍ മരുഭൂമിയും പ്രകൃതിദത്ത അപകടങ്ങളും നിറഞ്ഞ വിശാലമായ ഭൂമിയാണ് ഇവിടമെന്നും ആളുകളെ കാണാതാകുന്നതിനും ഒരിക്കലും കണ്ടെത്തപ്പെടാത്തതിനും കാരണമാകുന്നത് അതാണെന്നുമാണ് ചില ലളിതമായ വിശദീകരണങ്ങള്‍. ഐഎഫ്എല്‍ സയന്‍സ് നിരീക്ഷിക്കുന്നത് ഈ പ്രദേശം ഈ ഭൂമികയുടെ അസാധാരണ വന്യത, ദുര്‍ഘടമായ പര്‍വതനിരകള്‍, ഭയാനകമായ തണുത്ത കാലാവസ്ഥ എന്നിവയും കരടികളും നിറഞ്ഞതാണെന്നാണ്.