Movie News

‘ചീത്തപ്പേരുള്ള ഞാന്‍, വിലക്കുള്ള ശ്രീനാഥ് ഭാസി… ഞങ്ങളെവച്ച് സിനിമ ചെയ്തപ്പോഴോ ? ഷൈൻ ടോമിന് തഗ്ഗ് മറുപടിയുമായി സോഹന്‍

സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത കാബൂളിവാലയിൽ ബാലതാരമായി അഭിനയം തുടങ്ങിയ താരമാണ് സോഹന്‍ സീനുലാല്‍. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് താരത്തെ കാണുന്നത് സഹസംവിധായകന്റെ വേഷത്തിലാണ്. മമ്മൂട്ടി നായകനായി എത്തിയ ‘ഡബിള്‍സി’ലൂടെ സംവിധായകന്റെ കുപ്പായവും സോഹന്‍ അണിഞ്ഞു. പിന്നീട് ഒരുപാട് സിനിമകള്‍ സോഹന്റെ സംവിധാനത്തില്‍ പിറന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ മധു എന്ന പോലീസ് വേഷത്തിലൂടെയാണ് സോഹൻ സീനുലാൽ അഭിനയരംഗത്തേക്ക് തിരികെ എത്തുന്നത്. ഇന്ത്യാവിഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിൽ സോഹൻ സീനുലാലിന്റെ ഹ്രസ്വചിത്രം “ക്യുപിഡ്” മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

ഇപ്പോഴിതാ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന സിനിമയിലൂടെ വീണ്ടും സംവിധായകന്റെ വേഷമണിയുകയാണ് സോഹന്‍ സീനുലാല്‍. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രൊമോഷന്‍ പരിപാടിയില്‍ ഷൈന്‍ ടോം ചാക്കോ ചോദിച്ച ചോദ്യവും അതിന് സംവിധായകന്‍ പറയുന്ന കിടിലന്‍ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘‘ഞങ്ങളെ മേയ്ക്കാന്‍ വല്ല ബുദ്ധിമുട്ടുമുണ്ടോ ?അങ്ങനെയൊരു ക്രൂഷ്യല്‍ സിറ്റുവേഷനിലാണല്ലോ നിങ്ങള്‍ ഈ സിനിമ സംവിധാനം ചെയ്യുന്നത്. കാരണം വിലക്കുകള്‍ നേരിടുന്ന ഭാസി, വളരെയധികം ചീത്തപ്പേരുകളുള്ള ഞാന്‍…’’ എങ്ങനെയുണ്ടായിരുന്നു ഞങ്ങള്‍ ?…’’ എന്ന് ഷൈന്‍ ടോം ചാക്കോ തന്നെയാണ് സംവിധായകന്‍ സോഹനോട് ചോദിക്കുന്നത്. ‘‘ ഞാന്‍ നല്ലതു പറയാന്‍ വേണ്ടിട്ടാണ് ഈ ചോദ്യമെന്ന് എനിക്കറിയാം….’’ എന്നാണ് സോഹന്‍ പറഞ്ഞു തുടങ്ങുന്നത്. ‘‘സത്യത്തില്‍ ഷൈന്‍ തന്നെയാണതിന് എനിക്ക് നല്ലൊരു മറുപടി തന്നത്. കാരണം നമ്മളൊരു പൂച്ചക്കൂട്ടിയെ വീട്ടില്‍ വളര്‍ത്താന്‍ വാങ്ങിക്കുന്നു, ഒരു മുയലിനെ വളര്‍ത്താന്‍ വാങ്ങിക്കുന്നു. ഒരു പുലിയെ വാങ്ങിക്കുന്നു. ഇത് വാങ്ങിക്കുന്നവന് അറിയേണ്ടേ ഇതിന്റെയൊക്കെ സ്വഭാവം.തമാശ മാറ്റിവച്ചാല്‍, വളരെ ഹാര്‍ഡ് വര്‍ക്കിംഗായി, സിന്‍സിയറായി എനിക്കൊപ്പം ഇവരെല്ലാം പ്രവര്‍ത്തിച്ചതു കൊണ്ടാണ് നിര്‍മ്മാതാവിനോട് ഞാന്‍ പറഞ്ഞ ദിവസത്തിനു മുമ്പ്, ഷെഡ്യൂളിന് മുമ്പ് സിനിമ തീര്‍ക്കാന്‍ കഴിഞ്ഞത്. അതാണ് അതിന്റെ തെളിവ്. ഈ സിനിമയില്‍ അഭിനയിച്ച എല്ലാവര്‍ക്കും മറ്റ് തിരക്കുകളും ഉള്ളവരാണ്.അതിനിടയിലും അവരുടെ പരിപൂര്‍ണ്ണമാ കഠിനപ്രയത്നമുണ്ടായിരുന്നു. ഈ അവസരത്തില്‍ ഷൈന്‍ ടോം ചാക്കോയോടും, വിഷ്ണു ഉണ്ണിക്കൃഷ്ണനോടും, ശ്രീനാഥ് ഭാസിയോടും സാജു നവോദയയോടും, സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റ് എല്ലാവരോടും നന്ദി പറയുന്നു….’’ എന്നാണ് സോഹന്‍ സീനുലാല്‍ പറഞ്ഞത്.

യൂത്തിന്റെ വികാര വിചാരങ്ങൾക്കനുസൃതമായ ഒരു സിനിമയായിരിക്കും ഡാൻസ് പാർട്ടിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നു വരുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിലുടെ രസകരവും ത്രില്ലിങ്ങായും അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ലെന, സാജു നവോദയ, പുതുമുഖം ശ്രിന്ദ, നാരായണൻകുട്ടി എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകൻ സോഹന്‍ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.