പണം അധികമായി ഉണ്ടെങ്കില്‍ നിസാരകാര്യത്തിനും ലക്ഷങ്ങളോ കോടികളോ ചിലവാക്കും. അക്കൂട്ടത്തില്‍പ്പെട്ട ഒരു മുംബൈ സ്വദേശിനിയായ ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നത്. 27 ലക്ഷം രൂപയുടെ ആഡംബര ബാഗ് കണ്ണൂംപൂട്ടി വാങ്ങുകയാണ് ഈ അമ്മ. സമ്പന്നര്‍ക്ക് ഇത് വലിയ വിലയല്ലെങ്കിലും മകള്‍ക്ക് ലിപ്സ്റ്റിക്ക് സൂക്ഷിക്കാനായി മാത്രം ബാഗ് വാങ്ങുന്നത് എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.
ഈ അമ്മ മകളോടൊപ്പം ആഡംബര ബ്രാന്‍ഡ് സ്റ്റോറില്‍ എത്തിയിരിക്കുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായി ഹണിമൂണ്‍ യാത്രയ്ക്കായി ഉപകരിക്കുന്ന രീതിയില്‍ ഒരു ബാഗ് വാങ്ങുകയെന്നതായിരുന്നു ലക്ഷ്യം. ഹെര്‍മസ് കെല്ലിയില്‍ നിന്നുള്ള ബാഗ് ആവശ്യപ്പെട്ടാണ് ഇവര്‍ സ്റ്റോറില്‍ എത്തിയത്. സാമാന്യം വലുപ്പമുള്ള ഒരു ബാഗ് തന്നെ വേണമെന്ന് അമ്മ ആവശ്യപ്പെടുന്നുണ്ടെങ്കിലും തനിക്ക് ചെറിയ ബാഗാണ് വേണ്ടതെന്ന് മകള്‍ വ്യക്തമാക്കുന്നു. യാത്രയുടെ അവസരത്തില്‍ തന്റെ ലിപ്സ്റ്റിക് കളക്ഷന്‍ കൊണ്ടുപോകാനായി പാകത്തിന് ഒന്നാണ് മകള്‍ക്ക് വേണ്ടത്.
കടയുടമ ആഡംബര ബാഗുകളുടെ വന്‍ ശേഖരം തന്നെ ഇവരുടെ മുന്നിലായി പ്രദര്‍ശിപ്പിച്ചു.
ഒരോ ബാഗും ഇരുവരും സസൂക്ഷ്മം പരിശോധിക്കുകയും ചെയ്തു. അവസാനം വെളുത്ത നിറത്തിലുള്ള ഒരു ബാഗാണ് മകള്‍ തിരഞ്ഞെടുത്തത്. 27.97 ലക്ഷം രൂപയാണ് ബാഗിന്റെ വിലയെന്ന് ഉടമ വെളിപ്പെടുത്തി. എന്നാല്‍ ഒരു ആശങ്കയുമില്ലാതെ ഇവര്‍ ആ ബാഗ് വാങ്ങാനായി തീരുമാനിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നലെ ഇങ്ങനെ ലിപ്സ്റ്റിക് സൂക്ഷിക്കാനായി മാത്രം ഇത്രയും വിലയുള്ള ബാഗ് വാങ്ങുന്നത് ആഡംബരമാണെന്ന് ആളുകള്‍ പ്രതികരിച്ചു. എന്നാല്‍ ആ ലിപ്സ്റ്റിക്കുകള്‍ എത്രത്തോളം വിലയുള്ളതാണെന്ന് ആശ്ചര്യപ്പെടുന്നവരുമുണ്ട്. ആ പണം ലഭിച്ചിരുന്നെങ്കില്‍ ഒരു വീട് വയ്ക്കാമായിരുന്നുവെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ മറ്റു ചിലര്‍ ആ ബാഗിന്റെ മനോഹാരിതയെ കുറിച്ചു പറഞ്ഞു.