Health

പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്; ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍വരെ നിങ്ങള്‍ക്ക് നഷ്ടപ്പെടും

ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് പുകവലി. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല അപകടം ഉണ്ടാക്കുക. പ്രമേഹം ഉള്‍പ്പെടെ പലവിധ ആരോഗ്യസങ്കീര്‍ണതകളും ഇത് കാരണമാകും. പുകവലി ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യത വലിയൊരളവില്‍ കുറയ്ക്കാന്‍ പുകവലി നിര്‍ത്തുന്നത് സഹായിക്കും. പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് അകാലമരണത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്.

പുകവലിക്കുന്നവര്‍ക്ക് ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍ വരെയാണ് നഷ്ടപ്പെടുന്നത്. നാല്‍പതു വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് മരണ സാധ്യത കുറയും. 35 വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് എട്ടരവര്‍ഷം ആയുസ്സില്‍ അധികം ലഭിക്കും. അറുപതുകളില്‍ പുകവലി നിര്‍ത്തിയാല്‍ ആയുസ്സില്‍ 3.7 വര്‍ഷം ലഭിക്കും. എണ്‍പതുകളില്‍ പുകവലി നിര്‍ത്തുന്നതു കൊണ്ട് പോലും ആരോഗ്യ ഗുണങ്ങളുണ്ട്. സിഗരറ്റ് വലിക്കുമ്പോള്‍ ശരീരത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇതേക്കുറിച്ച് അറിഞ്ഞിരിയ്ക്കാം…..

  • രക്തം കട്ട പിടിക്കുന്നു – പുകവലി രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. രക്തം കട്ടപിടിച്ചാല്‍ അത് തലച്ചോറിലേക്കും ഹൃദയത്തിലേക്കും ശരിയായ രീതിയില്‍ രക്തം നല്‍കില്ല. ഇത് ഹൃദയാഘാതത്തിനോ അല്ലെങ്കില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കോ കാരണമായേക്കാം. രക്തം കട്ട പിടിക്കുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും.
  • ഹൃദയമിടിപ്പ് – എപ്പോഴും പുകവലിക്കുന്നവര്‍ക്ക് ഹൃദയമിടിപ്പ് വളരെ കൂടുതലായിരിക്കും. സിഗരറ്റിലെ പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ അഡ്രിനാലിന്‍ റിലീസിനെ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം അല്ലെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നു. അമിതമായ ഹൃദയമിടിപ്പ് ഹൃദയ പ്രവര്‍ത്തനങ്ങളെ പോലും ബാധിച്ചേക്കാം.
  • പക്ഷാഘാതം – പുകവലിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന പ്രശ്നമാണ് പക്ഷാഘാതം അഥവ സ്ട്രോക്ക്. തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളില്‍ തകരാര്‍ ഉണ്ടാകുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും.
  • ഓക്സിജന്‍ അളവ് കുറയ്ക്കുന്നു – പുകവലിക്കുന്നവര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് രക്തത്തിലെ ഓക്സിജന്‍ അളവ് കുറഞ്ഞ് പോകുന്നത്. പുകയിലയില്‍ കാര്‍ബണ്‍ മോണോക്സൈഡ് അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനുമായി ബന്ധിപ്പിക്കുകയും ഓക്സിജനുമായി മത്സരിക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകളില്‍ ഓക്സിജന്‍ വിതരണം കുറയ്ക്കുന്നു. അങ്ങനെ ടിഷ്യൂകളിലേക്കും ഹൃദയപേശികളിലേക്കും ഓക്സിജന്‍ വിതരണം കുറയുന്നു.
  • രക്തസമ്മര്‍ദ്ദം കൂട്ടും – നിശബ്ദനായ കൊലയാളിയാണ് രക്തസമ്മര്‍ദ്ദം. ഇത് പലപ്പോഴും ഹൃദയാഘാതത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. 35 മുകളില്‍ പ്രായമുള്ളവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യത ഏറെ കൂടുതലാണ്. നിക്കോട്ടിന്‍ ഉള്ളടക്കം രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും അതുവഴി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തല്‍ഫലമായി, ഹൃദയത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *