അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമായി നടക്കുന്ന 2024 ലെ ടി20 ലോകകപ്പില്‍ കുഞ്ഞന്മാരുടെ വിളയാട്ടം. ചെറുമീനുകള്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആദ്യ മത്സരങ്ങളില്‍ മുന്‍ ചാംപ്യന്മാരായ പാകിസ്താനും ന്യൂസിലന്റും ഉള്‍പ്പെടെ പരിക്കു പറ്റിയത് വമ്പന്മാര്‍ക്ക്. ആദ്യമായി ടി20 ലോകകപ്പില്‍ കളിക്കുന്ന അമേരിക്ക പാകിസ്താനെ തകര്‍ത്തുകൊണ്ടു തുടങ്ങിയ പരിപാടിയില്‍ ഒടുവില്‍ വീണത് ന്യൂസിലന്റാണ്.
ആദ്യ അട്ടിമറി നടത്തിയത് അമേരിക്കയായിരുന്നു. ഡാളസിനെ ഗ്രാന്റ് പ്രെയറി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം സൂപ്പര്‍ ഓവറിലാണ് അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റിന് 159 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത യു.എസ്.എ. അവസാന പന്ത് എറിഞ്ഞു കഴിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റിന് 159 എന്ന സ്‌കോറില്‍ തന്നെയെത്തി. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ അമേരിക്ക 18 റണ്‍സ് എടുത്തപ്പോള്‍ പാകിസ്താന് എടുക്കാനായത് 13 റണ്‍സായിരുന്നു. അടുത്ത അട്ടിമറി അഫ്ഗാനിസ്ഥാന്റേതായിരുന്നു. 84 റണ്‍സിന് ജയിച്ചപ്പോള്‍ വീണുപോയത് ന്യൂസിലന്റും.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തപ്പോള്‍ ന്യൂസിലന്റിന്റെ മറുപടി 75 റണ്‍സില്‍ അവസാനിച്ചു. അഞ്ചു സിക്‌സറും അഞ്ചു ബൗണ്ടറിയുമായി 56 പന്തില്‍ 80 റണ്‍സ് നേടിയ റഹ്മാനുള്ള ഗുര്‍ബാസിന്റെ ബാറ്റിംഗും നാലു വിക്കറ്റ് വീഴ്ത്തിയ റഷീദ്ഖാന്റെ ബൗളിംഗുമായപ്പോള്‍ അഫ്ഗാന്‍ ന്യുസിലന്റിനെ ചുരുട്ടിക്കെട്ടി. 18 റണ്‍സ് എടുത്ത ഗ്‌ളെന്‍ ഫിലിപ്‌സാണ് ന്യൂസിലന്റിന്റെ ടോപ് സ്‌കോറര്‍.
അടുത്ത അട്ടിമറി നിക്കോളാസ് കിര്‍ട്ടണ്‍ നയിച്ച കാനഡയുടേതായിരുന്നു. ക്രിക്കറ്റിലെ ചെറുമീനുകളാണെങ്കിലും മികച്ച പ്രവര്‍ത്തി പരിചയമുള്ള അയര്‍ലന്റിനെയാണ് കാനഡ തോല്‍പ്പിച്ചതും ചരിത്രമെഴുതിയതും. വെറും 12 റണ്‍സിനായിരുന്നു വിജയം. ആദ്യം ബാറ്റ് ചെയ്ത കാനഡ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുത്തപ്പോള്‍ അയര്‍ലന്റ് 125 ന് പുറത്തായി. 35 പന്തില്‍ 49 റണ്‍സ് നേടിയ നിക്കോളാസ് കിര്‍ട്ടനായിരുന്നു കാനഡയുടെ ടോപ് സ്‌കോറര്‍. 2003 ല്‍ ഏകദിന ലോകകപ്പില്‍ ബംഗ്‌ളാദേശിനെ വീഴ്ത്തിയ കാനഡയുടെ മറ്റൊരു മഹത്തായ വിജയമാണ് ഇത്.
മുന്‍ ഏകദിന ലോകകപ്പ് ചാംപ്യന്മാരായ ശ്രീലങ്കയെ ഒരു റണ്‍സിന് പരാജയപ്പെടുത്തി ബംഗ്‌ളാദേശും ടി20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ വിജയം നേടി. ശ്രീലങ്കയ്ക്ക് എതിരേ ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ബംഗ്‌ളാദേശ് നേടുന്ന ആദ്യ വിജയമാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്‌ളാദേശ് എട്ടു വിക്കറ്റിന് 125 റണ്‍സ് എടുത്തപ്പോള്‍ ശ്രീലങ്കയുടെ മറുപടി ഒമ്പതിന് 124 ല്‍ അവസാനിച്ചു.