മഴക്കാലത്ത് ആകെ നനഞ്ഞൊലിച്ച് എങ്ങനെ യാത്ര ചെയ്യുമെന്നാണ് പലരുടെയും ചിന്ത. ഈ കാലാവസ്ഥയില്‍ ചര്‍മ്മ പരിചരണത്തില്‍ അല്‍പം ശ്രദ്ധ ആവശ്യമാണ്.
ചര്‍മ്മസംരക്ഷണം
മഴക്കാലത്ത് ചര്‍മ്മം വളരെ നിര്‍ജ്ജീവമായിരിക്കും. അതിനാല്‍ ഇടയ്ക്കിടെ ചര്‍മ്മം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. അധികമായി മേക്കപ്പ് ഉപയോഗിക്കരുത്. സൗന്ദര്യം കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ചിലപ്പോള്‍ മഴക്കാലത്ത് വിപരീത ഗുണമായിരിക്കും ചെയ്യുക. ധാരാളമായി മേക്കപ്പ് ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ അഴുക്കും രാസവസ്തുക്കളും പ്രതിപ്രവര്‍ത്തിച്ചേക്കും.
വരണ്ട ചര്‍മ്മം ആരോഗ്യത്തിന്റെ അടയാളമല്ലെന്നതിനാല്‍, എപ്പോഴും മോയ്സ്ചറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്. വരണ്ട ചര്‍മ്മത്തില്‍ കുഴികളും പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മുഖം ഇടയ്ക്കിടയ്ക്ക് ടവ്വല്‍ ഉപയോഗിച്ചോ, ടിഷ്യൂ പേപ്പര്‍ വെള്ളത്തില്‍ മുക്കിയതോ കൊണ്ട് തുടയ്ക്കുക. ഇത് എണ്ണ, അഴുക്ക് എന്നിവയില്‍ നിന്നും ചര്‍മ്മത്തെ രക്ഷിക്കും. അതുവഴി ഫംഗസ് ആക്രമണം ഒഴിവാക്കാം.
ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പോ കുളിക്കുന്നതിന് പത്ത് മിനിട്ട് മുമ്പോ കറ്റാര്‍വാഴയുടെ നീര് പുരട്ടാം. ചര്‍മ്മത്തിലെ ജലാംശം വര്‍ധിപ്പിക്കാനും പി എച്ച് ബാലന്‍സ് നിലനിര്‍ത്താനും ഇത് നല്ലതാണ്.
അനാവശ്യ രോഗാണുക്കള്‍ ചര്‍മ്മത്തില്‍ വളരുന്നത് തടയാനും ചര്‍മ്മത്തെ നല്ലതുപോലെ നിലനിര്‍ത്തുന്നതിനും പിഎച്ച് ബാലന്‍സ് പ്രധാന ഘടകമാണ്.
ഫേസ് മാസ്‌ക്
കാലാവസ്ഥാമാറ്റം ചര്‍മ്മത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ചര്‍മ്മം എണ്ണമയമുള്ളതായിത്തീരാം, മുഖക്കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങാം. ഇവയെ തടയാന്‍ ഫേസ് മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്.
ഓട്മീല്‍ ഫേസ് മാസ്‌ക്
ഓട്മീല്‍ ചര്‍മ്മത്തെ വൃത്തിയാക്കുകയും മുട്ട ചര്‍മ്മത്തിലെ ചെറു ദ്വാരങ്ങള്‍ ചുരുങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.
മൂന്ന് ടീസ്പൂണ്‍ ഓട്മീല്‍, ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ തൈര് എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച ശേഷം അല്‍പ്പനേരം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. മുഖം നന്നായി കഴുകിയ ശേഷം ഉണങ്ങിയ ടവ്വല്‍ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക. ഇനി തയ്യാറാക്കിയ ഫേസ്മാസ്‌ക് മുഖത്ത് പുരട്ടുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ചന്ദന പായ്ക്ക്
ചന്ദന പൊടി ഒരു ടേബിള്‍ സ്പൂണ്‍, ഏതാനും തുള്ളി റോസ്വാട്ടര്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. ഈ മാസ്‌ക് മുഖത്ത് പുരട്ടി 30 മി നിറ്റിനു ശേഷം കഴുകിക്കളയാം.
വാഴപ്പഴ മാസ്‌ക്
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ഈ മാസ്‌ക് ഏറെ പ്രയോജനപ്രദമാണ്. ഇത് ചര്‍മ്മത്തിലെ അടഞ്ഞിരിക്കുന്ന സുഷിരങ്ങള്‍ തുറക്കുന്നതിനും മൃത കോശങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കും. ഒരു വാഴപ്പഴം, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് എന്നിവ കൂട്ടിച്ചേര്‍ത്ത് കട്ടിയുള്ള കുഴമ്പു പരുവത്തിലാക്കുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ബദാം മാസ്‌ക്
ബദാം വൈറ്റമിന്‍ ഇ സമ്പുഷ്ടമായതിനാല്‍, ചര്‍മ്മത്തെ സുന്ദരമായി നിലനിര്‍ത്താന്‍ സഹായിക്കും.ബദാം അഞ്ചെണ്ണം ഒരു രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം ഒരു ചെറിയ ബൗള്‍ പാല്‍, രണ്ട് ടീ സ്പൂണ്‍ ഓട്മീല്‍, ഏതാനും തുള്ളി നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് അരച്ച് കുഴമ്പു പരുവത്തിലാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം.
മുള്‍ട്ടാണിമിള്‍ട്ടി പായ്ക്ക്
എണ്ണമയമുള്ള ചര്‍മ്മം വൃത്തിയാക്കാന്‍ മുള്‍ട്ടാണിമിള്‍ട്ടി സഹായിക്കും. മുള്‍ട്ടാണിമിള്‍ട്ടി ഒരു ടേബിള്‍ സ്പൂണ്‍, ഏതാനും തുള്ളി റോസ്വാട്ടര്‍ എന്നിവ കട്ടിയുള്ള കുഴമ്പ് പരുവത്തില്‍ കൂട്ടിച്ചേര്‍ക്കുക. തരിയില്ലാതെ വേണം ഇവ കൂട്ടിച്ചേര്‍ക്കേണ്ടത്. ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. നന്നായി ഉണങ്ങിയ ശേഷം കഴുകിക്കളയാം.
കേശസംരക്ഷണം
മഴക്കാലത്ത് തലമുടി സംരക്ഷിക്കുന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എണ്ണമയമുള്ള മുടിയിലാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുന്നത്.
മഴക്കാലത്ത് ഹെയര്‍ജെല്‍, ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം കെമിക്കല്‍ ഫ്രീ ഹെയര്‍ കണ്ടീഷണറും ഷാംപുവും ഉപയോഗിക്കാം.
എല്ലാ ദിവസവും ഷാംപു ചെയ്യണമെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്.
മഴക്കാലത്ത് മുടി വൃത്തിയുള്ളതും സില്‍ക്കിയുമാകാന്‍ സ്മൂത്ത് കരോട്ടിന്‍ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിന് പുറമേ കണ്ടീഷനിംഗ്, സിറം പുരട്ടല്‍ എന്നിവയും ഗുണം ചെയ്യും.
ഷാംപൂ ചെയ്യുന്നതിന് മുമ്പ് മുടിയില്‍ മാസ്‌ക് ഇടാം. മാസ്‌ക് അധികനേരം പുരട്ടിയിരിക്കേണ്ടതില്ല. മഴക്കാലത്ത് മുടിയില്‍ എണ്ണ പുരട്ടണം. വെളിച്ചെണ്ണ, ഒലീവ് എണ്ണ എന്നിവ മുടിയ്ക്ക് പോഷണം നല്‍കും. ഷാംപൂ ചെയ്യുന്നതിന് മുമ്പായി ആഴ്ചയില്‍ രണ്ട് തവണ എണ്ണ ചെറുതായി ചൂടാക്കി മുടിവേരുകളില്‍ പുരട്ടുക.
നനഞ്ഞ തലമുടി ചീകരുത്. മുടി ഉണങ്ങിയശേഷം വലിയ പല്ലുകളുള്ള ബ്രഷ് കൊണ്ട് ചീകാം.
ആരോഗ്യമുള്ള മുടിയ്ക്ക് പ്രോട്ടീന്‍ ആവശ്യമാണ്. പച്ചിലവര്‍ഗങ്ങള്‍, ബീന്‍സ്, ലോ ഫാറ്റ് ഡയറി ഉല്‍പ്പന്നങ്ങള്‍, മത്സ്യം, മാംസം എന്നിവ പതിവായി കഴിക്കുക.
പ്രോട്ടീന്‍ പായ്ക്ക്
രണ്ട് മുട്ടയില്‍ രണ്ട് വലിയ സ്പൂണ്‍ തൈര് ചേര്‍ക്കുക. പകുതി നാരങ്ങയുടെ നീരും ഏതാനും തുള്ളി തേനും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് മുടിവേരുകള്‍ തുടങ്ങി പുരട്ടുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ തലമുടി കഴുകുക.
ഇളംചൂട് വെള്ളത്തില്‍ രണ്ട് വലിയ സ്പൂണ്‍ വിനാഗിരി ഒഴിച്ച് മുടിയില്‍ പുരട്ടുക. മുടിയ്ക്ക് നല്ല ഉള്ളും തിളക്കവും കിട്ടും.




