Lifestyle

മുപ്പതു കഴിഞ്ഞാലും ചർമം യുവത്വം നിലനിർത്തും; ഇതാ ചില സിംപിൾ ടിപ്പുകള്‍

സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. തിളങ്ങുന്ന ചര്‍മ്മം ആരും കൊതിയ്ക്കുന്ന ഒന്നാണ്. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. പ്രായം കൂടുന്നതനുസരിച്ച് മുഖത്ത് ചുളിവുകളും പാടുകളും വരും. മെറ്റബോളിസത്തിലെ മാറ്റങ്ങളും ഹോര്‍മോണല്‍ വ്യതിയാനങ്ങളുമൊക്കെ ആരോഗ്യത്തിലും ചര്‍മ സൗന്ദര്യത്തിലും പ്രതിഫലിക്കും. യുവത്വം തുളുമ്പി നിന്ന ചര്‍മത്തില്‍ ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നതാണ് പലരെയും അലട്ടുന്ന പ്രശ്‌നം. പെട്ടെന്ന് ചര്‍മത്തിന് പ്രായമായെന്ന തോന്നല്‍ ഉണ്ടാവും. മുന്‍പത്തെ ചര്‍മ സംരക്ഷണ മാര്‍ഗങ്ങള്‍ ഈ കാലത്തു പൂര്‍ണഫലം നല്‍കിയെന്നും വരില്ല. മുപ്പതുകളില്‍ ചര്‍മത്തിന് പുതിയ ആവശ്യങ്ങളാണ്. ഇത് കൃത്യമായി മനസ്സിലാക്കിയാല്‍ ചര്‍മത്തിന്റെ ആരോഗ്യവും യുവത്വവും നിലനിര്‍ത്താം……

ആന്റിഓക്‌സിഡന്റുകള്‍ – അന്തരീക്ഷത്തിലെ മാലിന്യങ്ങളും സൂര്യപ്രകാശവുമാണ് ചര്‍മത്തിന് ഏറ്റവും അധികം ഹാനികരമാകുന്നത്. ചര്‍മ കോശങ്ങളെ കേടാക്കുന്ന റാഡിക്കലുകള്‍ ഉത്പാദിപ്പിക്കപ്പെടും. ഇതുമൂലം ചര്‍മത്തിന്റെ ദൃഢത നഷ്ടപ്പെടുകയും കറുത്ത പാടുകളും ചുളിവുകളും വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ പാടുകള്‍ അകറ്റുകയും ചര്‍മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുകയും ചെയ്യുന്ന വൈറ്റമിന്‍ സി, ചര്‍മത്തെ മൃദുവാക്കുന്ന വൈറ്റമിന്‍ ഇ, ചര്‍മത്തിനു സംരക്ഷണം നല്‍കുന്ന ഗ്രീന്‍ ടീ എക്‌സ്ട്രാക്ട്, ചര്‍മത്തെ യുവത്വത്തോടെ കാത്തുസൂക്ഷിക്കുന്ന നിയാസിനാമൈഡ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. രാവിലെ സമയങ്ങളില്‍ ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് മാലിന്യങ്ങളില്‍ നിന്നും സൂര്യതാപത്തില്‍ രക്ഷനേടാന്‍ ഏറ്റവും ഗുണകരം.

വൈറ്റമിന്‍ എ അടങ്ങിയ ക്രീമുകള്‍ – ചര്‍മത്തെ മൃദുവാക്കാനും നിറം വര്‍ധിപ്പിക്കാനും യുവത്വത്തോടെ നിലനിര്‍ത്താനും റെറ്റിനോയിഡുകള്‍ സഹായിക്കും. ചര്‍മത്തില്‍ ഇറങ്ങി ചെന്ന് കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാനും കറുത്ത പാടുകളും നേര്‍ത്തവരകളും നീക്കം ചെയ്യാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. അതിനാല്‍ റെറ്റിനോയിഡുകള്‍ ഉള്‍പ്പെടുന്ന നൈറ്റ് ക്രീമുകളും സെറമുകളും തന്നെ തിരഞ്ഞെടുക്കുക. റെറ്റിനോയ്ഡിന്റെ കാഠിന്യം കുറഞ്ഞ രൂപമായ റെറ്റിനോള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ തുടക്കത്തില്‍ തിരഞ്ഞെടുക്കാം. ഇവ അടങ്ങിയ ക്രീമുകളും സെറമുകളും പുരട്ടിയശേഷം മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാന്‍ വിട്ടു പോകരുത്.

ഉറക്കം ക്രമമാക്കാം സമ്മര്‍ദം കുറയ്ക്കാം – ബാഹ്യ ഘടകങ്ങള്‍ പോലെ തന്നെ ആന്തരിക ഘടകങ്ങളും ചര്‍മത്തിന്റെ ആരോഗ്യത്തില്‍ പ്രധാനമാണ്. ഏഴു മുതല്‍ 8 മണിക്കൂര്‍ വരെ ശാന്തമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മാനസിക സമ്മര്‍ദമാണ് ചര്‍മ സൗന്ദര്യത്തില്‍ പ്രതിഫലിക്കുന്ന മറ്റൊന്ന്. കൊളാജന്‍ ഉത്പാദനം കുറയാനും ചര്‍മത്തിന്റെ ദൃഢത നഷ്ടപ്പെടാനുമൊക്കെ സമ്മര്‍ദം കാരണമാകും. അതിനാല്‍ മാനസിക സന്തോഷം ഉറപ്പുവരുത്താനുള്ള പ്രവൃത്തികള്‍ക്ക് മുന്‍തൂക്കം നല്‍കുക. ശാരീരിക വ്യായാമങ്ങള്‍ പതിവാക്കുകയും വേണം.

ജലാംശം നിലനിര്‍ത്തണം – ചര്‍മം വരണ്ടതാകാതെ കാത്തുസൂക്ഷിക്കുക എന്നത് പ്രധാനമാണ്. അതിനായി സെറാമയ്ഡുകളോ ഹയലൂറോണിക് ആസിഡോ ഉള്‍പ്പെടുന്ന മോയ്‌സ്ചറൈസറുകള്‍ ഉപയോഗിക്കാം. ചര്‍മം മൃദുവാക്കുന്നതിനൊപ്പം തിളക്കം നല്‍കാനും ഇവ സഹായിക്കും. ചര്‍മത്തിന്റെ സംരക്ഷണ വലയം നഷ്ടപ്പെടുന്ന തരത്തില്‍ അധികമായി മുഖം കഴുകുകയോ കാഠിന്യമേറിയ സോപ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.

സൂര്യതാപം ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം – ചര്‍മത്തിന് അകാല വാര്‍ധക്യം തോന്നുന്നതിന് ഒരു സുപ്രധാന കാരണം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ്. ഇന്ത്യന്‍ കാലാവസ്ഥയില്‍ പ്രത്യേകിച്ചും. അതിനാല്‍ സണ്‍സ്‌ക്രീനുകള്‍ പതിവായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വെയിലില്ലാത്ത ദിവസങ്ങളില്‍ വീടിനുള്ളില്‍ തന്നെ സമയം ചെലവിടുകയാണെങ്കില്‍ പോലും സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സ്‌ക്രീനില്‍ നിന്നുള്ള ബ്ലൂ ലൈറ്റും ചര്‍മത്തിന്റെ യുവത്വത്തെ തടസ്സപ്പെടുത്തിയേക്കാം എന്നതിനാലാണ് ഇത്. എസ്പിഎഫ് മുപ്പതോ അതിനു മുകളിലോ ഉള്ള ബ്രോഡ് സ്‌പെക്ട്രം സണ്‍സ്‌ക്രീന്‍ തന്നെ ഉപയോഗിക്കണം. മൂന്നോ നാലോ മണിക്കൂറിന്റെ ഇടവേളയില്‍ സണ്‍സ്‌ക്രീന്‍ വീണ്ടും പുരട്ടാനും ശ്രദ്ധിക്കുക.